manjith

കാലിഫോർണിയ: കാലിഫോർണിയയിലെ കിംഗ്‌സ് നദിയിൽ വീണ മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ചു. 29കാരനായ മഞ്ജിത് സിംഗ് ആണ് മരിച്ചത്. ഫ്രെസ്നോ കൗണ്ടിയിലെ വീടിന് സമീപം റീഡ്ലി ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് എട്ട് വയസുള്ള രണ്ട് പെൺകുട്ടികളും 10 വയസുകാരനായ ആൺകുട്ടിയും ഒഴുക്കിൽപ്പെടുന്നത് മഞ്ജിത് കണ്ടത്.

തന്റെ തലപ്പാവ് അഴിച്ച് കയറുപോലെ പിരിച്ച് കുട്ടികൾക്ക് നേരെ നീട്ടി എറിയുന്നതിനിടെയാണ് മഞ്ജിത് ഒഴുക്കിൽപ്പെട്ടത്. മഞ്ജിതിന്റെ സുഹൃത്തുക്കൾക്ക് കുട്ടികളെ രക്ഷിക്കാനായി. പക്ഷേ, അപ്പോഴേക്കും മഞ്ജിത് മുങ്ങിത്താഴ്ന്നിരുന്നു.

കുട്ടികളിൽ രണ്ടുപേർ സുരക്ഷിതരാണ്. ഒരാളുടെ നില ഗുരുതരമാണ്. 40 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിൽ പുഴയുടെ അടിത്തട്ടിൽനിന്ന് മഞ്ജിതിനെ കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുദാസ്‌പൂർ സ്വദേശിയാണ് മഞ്ജിത്. കർഷക കുടുംബത്തിൽപ്പെട്ട മഞ്ജിത് ജോലി തേടിയാണ് രണ്ട് വർഷം മുമ്പ് അമേരിക്കയിൽ എത്തിയത്.