ധർമ്മജൻ ഒരു കരപറ്റി കാണാത്തതിലായിരുന്നു അവസാനനാളുകളിൽ അച്ഛന്റെ സങ്കടം.
താനൊരു കരപറ്റി കഴിഞ്ഞപ്പോൾ അത് കാണാൻ അച്ഛനില്ലാതെ പോയതാണ് ഇപ്പോൾ ധർമ്മജന്റെ സങ്കടം.
ചിരിയും കണ്ണീരും നിറഞ്ഞ ജീവിത കഥ ധർമ്മജൻ പറയുന്നു
ധർമ്മജൻ എന്ന പേര് പണ്ട് ധർമ്മജന് ഒട്ടും ഇഷ്ടമല്ലായിരുന്നു. മുളവുകാട് എൽ.പി സ്കൂളിലും ഹിദായത്തുൽ ഇസ്ളാം സ്കൂളിലുമൊക്കെ പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്നവർ ദിലീപ്, സലിം, ബിജു, രാജു തുടങ്ങിയ സ്റ്റൈലൻ പേരുകളുമായി വിലസുമ്പോൾ ധർമ്മജൻ മാത്രം സ്വന്തം 'പേരുദോഷ"മോർത്ത് സങ്കടപ്പെട്ടു.
എന്ത് പേരാ അച്ഛാ, എനിക്കിട്ടതെന്ന് ചോദിച്ച് കൊച്ചു ധർമ്മജൻ അച്ഛനോട് പലപ്പോഴും വഴക്കിടുമായിരുന്നു.
''നിന്റെ പേര് നിനക്കിഷ്ടപ്പെടുന്ന ഒരു കാലം വരും. നീ നോക്കിക്കോ....."" ആത്മവിശ്വാസത്തോടെ അച്ഛൻ പറഞ്ഞ വാക്കുകൾ അന്ന് പക്ഷേ, ധർമ്മജൻ വിശ്വസിച്ചില്ല. ധർമ്മം ജയിക്കുന്നവനാണ് ധർമ്മജനെന്നോ മറ്റോ തന്റെ പേരിന് അച്ഛൻ പറഞ്ഞ അർത്ഥം അന്ന് ധർമ്മജന് മനസിലായതുമില്ല.
കൃഷിക്കാരനായിരുന്നു ധർമ്മജന്റെ അച്ഛൻ കുമാരൻ. ധർമ്മജനെ ഒരു സർക്കാരുദ്യോഗസ്ഥനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പിന്നീട് വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷനിൽ ജോലി ശരിയായിട്ടും ധർമ്മജൻ പോയില്ല. ചേട്ടൻ ബാബുവിന് സർക്കാർ ജോലി കിട്ടിയപ്പോഴും ധർമ്മജനെ സർക്കാർ ജോലിക്കാരനാക്കണമെന്ന മോഹം അച്ഛൻ ഉപേക്ഷിച്ചില്ല. അവസാന നാളുകളിൽ ധർമ്മജൻ ഒരു കരപറ്റി കാണാത്തതിലായിരുന്നു അച്ഛന് സങ്കടം. താനൊരു കരപറ്റിക്കഴിഞ്ഞപ്പോൾ അത് കാണാൻ അച്ഛനില്ലാതെ പോയതാണ് ഇപ്പോൾ ധർമ്മജന്റെ സങ്കടം.''അച്ഛനിട്ട പേര് ഇപ്പോഴെനിക്ക് വലിയ ഇഷ്ടമാണ്. മറ്റാർക്കുമില്ലാത്തൊരു പേര്. അതാവാം എന്റെ വിജയങ്ങൾക്ക് ഒരു കാരണം."" ധർമ്മജൻ പറയുന്നു. കുട്ടിക്കാലത്ത് ജീവിത ക്ളേശങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും അച്ഛന് കൃഷിപ്പണിയായിരുന്നതുകൊണ്ട് ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് ധർമ്മജൻ
''വെള്ളയും നീലയുമായിരുന്നു സ്കൂളിലെ യൂണിഫോം. ഷർട്ട് തയ്ച്ചപ്പോൾ തയ്യൽക്കാരനോട് ഷർട്ടിന്റെ പോക്കറ്റിൽ ഒരു ഡിസൈൻ കൂടി വേണമെന്ന് പറഞ്ഞത് ഞാനാണ്. അത് പക്ഷേ പാരയായി. ആ ഡിസൈൻ കാരണം ഒരു ജോടി യൂണിഫോം മാത്രമേ എനിക്കുള്ളൂവെന്ന് കൂട്ടുകാർക്കെല്ലാം മനസിലായി. യൂണിഫോമല്ലാതെ ആകെയുണ്ടായിരുന്നത് ഒരു കളർ ഷർട്ടാണ്.""
ജീവിത ദുരിതങ്ങളിൽ നിന്നും ക്ളേശങ്ങളിൽ നിന്നും കരകയറാനായിട്ടായിരിക്കണം അച്ഛൻ തന്നെ സർക്കാരുദ്യോഗസ്ഥനായി കാണാൻ ആഗ്രഹിച്ചതെന്ന് ധർമ്മജന് ഇപ്പോഴറിയാം.''പന്ത്രണ്ട് വർഷമായി അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട്.""
കൂട്ടുകാരായ സലിമിനും യാസിമിനുമൊപ്പം സ്കൂളിൽ പഠിക്കുമ്പോഴേ തല്ലിക്കൂട്ട് മിമിക്രി ചെയ്ത് തുടങ്ങിയിരുന്നുവെന്ന് ധർമ്മജൻ ഓർമിക്കുന്നു. മകൻ മിമിക്രി കളിച്ച് നടന്ന് ജീവിതം പാഴാക്കുമോ എന്നായിരുന്നു അച്ഛന്റെ സങ്കടം.
സ്കൂൾ വിട്ടശേഷം കുറച്ച് കൂട്ടുകാരെക്കൂട്ടി മിമിക്രി വിപുലീകരിച്ചു. കൊച്ചിൻ സാരിഗ എന്ന പേരിലൊരു ട്രൂപ്പുണ്ടാക്കി.ധർമ്മജന്റെ നാടായ മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടിയിൽ അന്നത്തെ ഏറ്റവും പ്രശസ്തനായ മിമിക്രി ആർട്ടിസ്റ്റ് സുബ്രഹ്മണ്യൻ ബോൾഗാട്ടിയായിരുന്നു. കുറേ സിനിമകളിലഭിനയിച്ചിട്ടുണ്ട് സുബ്രഹ്മണ്യൻ. ''കൊച്ചിൻ സാരിഗയുടെ മിമിക്രി കണ്ടിട്ട് സുബ്രഹ്മണ്യൻ എന്നെ അദ്ദേഹത്തിന്റെ വലിയ ട്രൂപ്പിലേക്ക് വിളിച്ചു. പാഷാണം ഷാജിയുടെ ചേട്ടനും ഇപ്പോഴത്തെ സംവിധായകൻ ജയരാജ് വിജയും കൊല്ലം സിറാജുമൊക്കെയുണ്ടായിരുന്നു ആ ട്രൂപ്പിൽ. ഒരു വർഷം അവിടെ കളിച്ചു. അതിനു ശേഷമാണ് മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞത് . കോമഡി കാസറ്റുകളുടെ കാലമായിരുന്നു അത്. അല്പസ്വല്പം കോമഡി എഴുതുമായിരുന്നു . അന്നത്തെ സൂപ്പർ ഹിറ്റ് കോമഡി റൈറ്ററായിരുന്നു തോമസ് തോപ്പിൽക്കുടി. അദ്ദേഹത്തിന്റെ ശിഷ്യനായി പാരഡിപ്പാട്ടുകളും കോമഡിയുമൊക്കെയായി പത്തുവർഷം കൂടെക്കൂടി. ഒരു മുഴുനീള കാസറ്റിനുള്ള സ്ക്രിപ്ടുമായിട്ടാണ് ഞാൻ തോമസ് തോപ്പിൽക്കുടിയുടെ വീട്ടിലേക്ക് ചെല്ലുന്നത്. ചുരുക്കി പറഞ്ഞാൽ പേരും പ്രശസ്തിയുമില്ലാത്ത ഗോസ്റ്റ് റൈറ്റർ. കാശൊന്നും കാര്യമായി കിട്ടിയിരുന്നില്ലെങ്കിലും അച്ഛനും ചേട്ടനും ജോലിയുണ്ടായിരുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നും അറിഞ്ഞില്ല. അവർ എന്നെ നോക്കി. അവരുടെ സമ്പാദ്യത്തിൽ ഞാൻ കഴിഞ്ഞുകൂടി. അച്ഛൻ മരിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി. ഞാൻ പണിക്ക് പോകേണ്ട സ്ഥിതി വന്നു. അപ്പോഴേക്കും സർക്കാർ ജോലിയെന്ന സ്വപ്നം അപ്രാപ്യമായിക്കഴിഞ്ഞിരുന്നു. എന്ത് ചെയ്യുമെന്ന അങ്കലാപ്പിലായിരുന്നു ഞാൻ. കൃഷിയൊക്കെ നശിച്ച് തുടങ്ങിയിരുന്നു. പാടങ്ങൾ ചതുപ്പ് നിലങ്ങളായി.
പണ്ട് തൊട്ടപ്പുറത്തെ എറണാകുളം നഗരത്തിലേക്ക് ഞങ്ങളുടെ നാട്ടിൽ നിന്ന് ഒരു രോഗിയെ അസമയത്ത് എത്തിക്കണമെങ്കിൽ വഞ്ചിയെ ആശ്രയിക്കണമായിരുന്നു. രാത്രി വൈകിയാൽപ്പിന്നെ ബോട്ട് സർവീസില്ല. അക്കരെയെത്തും മുമ്പ് വഞ്ചിയിൽ വച്ചുതന്നെ മരിച്ചവരുണ്ട്, പ്രസവിച്ചവരുണ്ട്. വൈദ്യസഹായം നൽകാനുള്ള സൗകര്യങ്ങളൊന്നും ഞങ്ങളുടെ ദ്വീപിലുണ്ടായിരുന്നില്ല. എറണാകുളം വളർന്നുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, ഞങ്ങളുടെ ജീവിതം മുരടിച്ചും. മൂന്ന് ദ്വീപുകളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള ഗോശ്രീ പാലം വന്നപ്പോഴാണ് ഞങ്ങളുടെ ദുരിതങ്ങൾക്ക് ഒരറുതി വന്നത്.
പാലം വരുന്നതിന് മുൻപ് തിരുവനന്തപുരത്തൊക്കെ മിമിക്രി കളിക്കാൻ പോയിട്ട് പാതിരാ നേരത്ത് ഞങ്ങൾ ഹൈക്കോർട്ടിൽ വന്ന് കിടക്കുമായിരുന്നു. കൊച്ചിയിലെ കൊതുക് കടിയും കൊണ്ട് പാരപ്പറ്റിൽ കിടന്ന് നേരം വെളുപ്പിക്കും. ഭീകരന്മാരായ കൊതുകിൽ നിന്ന് രക്ഷ നേടാൻ അവിടെയുള്ള ചവറുകളൊക്കെ വാരിക്കൂട്ടി കത്തിക്കും. രാത്രി 10.10നാണ് അവസാനത്തെ ബോട്ട്. പിറ്റേന്ന്, രാവിലെ ഏഴരയ്ക്കേ പിന്നെ ബോട്ടുള്ളൂ. അത്രയും നേരം കൊതുക് കടികൊണ്ട് കിടക്കാനായിരുന്നു ഞങ്ങളുടെ വിധി! ആ ഒരവസ്ഥയ്ക്ക് മാറ്റം വന്നു.
എല്ലാ പണിക്കും ഞാൻ പോയിട്ടുണ്ട്. വാർക്കപ്പണിക്കും മരപ്പണിക്കും പ്ളംബിംഗ് പണിക്കും പെയിന്റിംഗ് പണിക്കുമൊക്കെ. ആനപ്പുറത്ത് വെഞ്ചാമരം വീശാനും പോയിട്ടുണ്ട്. എന്നാൽ ഒന്നിലും ഉറച്ച് നിന്നില്ല. എന്നെപ്പിടിച്ച് രാഷ്ട്രപതിയാക്കിയാലും രക്ഷയില്ല. ഞാൻ മിമിക്രിയിലേക്ക് തന്നെ മടങ്ങും. അതുകൊണ്ട് ഒരു പണിക്കും ഞാനത്ര വില കൊടുത്തില്ല. എഴുത്ത് കൈവശമുണ്ടായിരുന്നത് കൊണ്ട് ധൈര്യമുണ്ടായിരുന്നു. വൺമാൻ ഷോ കാണിക്കാനൊന്നും എനിക്ക് കഴിവില്ലെന്ന് നന്നായിട്ടറിയാമായിരുന്നു. കോട്ടയം നസീർ കത്തിനില്ക്കുന്ന സമയത്താണ് ഞാനൊക്കെ മിമിക്രിയിലേക്ക് വരുന്നത്. പെർഫക്ഷനോടെ മിമിക്രി ചെയ്യുന്ന ആൾക്കാരുടെ തള്ളിക്കയറ്റം വന്നപ്പോൾ നമ്മളെക്കൊണ്ട് സാധിക്കാത്ത അവസ്ഥയായി. അപ്പോഴും കൈയിലുള്ളത് എഴുത്താണ്.
ബ്ളഫ് മാസ്റ്റേഴ്സ് കണ്ടിട്ടാണ് ദിലീപേട്ടൻ സിനിമയിലേക്ക് വിളിക്കുന്നത്. പാപ്പി അപ്പച്ചാ... അതായിരുന്നു എന്റെ ആദ്യ സിനിമ. സിനിമയിൽ വരുമെന്നോ സിനിമയിൽ അഭിനയിക്കണമെന്നോ ഞാനാഗ്രഹിച്ചിട്ടില്ല. ദേ, മാവേലി കൊമ്പത്ത് എന്ന കാസറ്റിൽ പങ്കെടുക്കുക, ഒരു പ്രാവശ്യമെങ്കിലും വിദേശത്ത് പോകുക, മഞ്ജുവാര്യരെ നേരിൽ കാണുക.... അതൊക്കെയായിരുന്നു എന്റെ ആഗ്രഹങ്ങൾ. ഞാനാഗ്രഹിച്ചതിനെക്കാളേറെ ദൈവം എനിക്ക് തന്നു. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിലേക്ക് നാദിർഷ രണ്ടുതവണ എന്നെ വിളിച്ചപ്പോഴും തിരക്ക് കാരണം പോകാൻ പറ്റിയില്ല. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോഴാണ് അതിൽ പങ്കെടുക്കാൻ പറ്റിയത്. ഒരു പ്രാവശ്യമെങ്കിലും വിദേശത്ത് പോകാനാഗ്രഹിച്ച ഞാൻ പല രാജ്യങ്ങളിലും പോയി. മഞ്ജുവാര്യരെ നേരിട്ട് കാണണമെന്നാഗ്രഹിച്ച എനിക്ക് മഞ്ജുവാര്യരുടെ കൈയിൽ നിന്ന് ഒരുപാട് തവണ ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള ഭാഗ്യമുണ്ടായി.
കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമപോലും ഇങ്ങനെയാവും അങ്ങനെയാവുമെന്ന് വിചാരിച്ച് ചെയ്തതല്ല. അന്നും ചെയ്യുമായിരുന്നു ഈ വേഷമൊക്കെ. ഇന്നും ചെയ്യും. തരാനാളുണ്ടായില്ല. തന്നത് നാദിർഷായാണ്. എറിയുന്നതെല്ലാം ലക്ഷ്യത്തിൽ കൊള്ളണമെന്നില്ല. ചിലത് കൊള്ളും. ഈ സിനിമയിലാണ് അത് സംഭവിച്ചത്.
രണ്ടായിരത്തി പത്തിലാണ് ഞാൻ സിനിമയിൽ വരുന്നത്. രണ്ടായിരത്തി പതിനാറിലാണ് ബ്രേക്ക് കിട്ടിയതെന്ന് മാത്രം. ദിലീപാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ദിലീപ് നിർമ്മിച്ച സിനിമയിൽ തന്നെ ബ്രേക്ക് കിട്ടുകയെന്നത് ഒരു നിയോഗമായിരുന്നിരിക്കാം.