മൂന്നാർ: പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് ദേശീയ ദുരന്തനിവാരണ സേനയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മേധാവി രേഖ നമ്പ്യാർ. മുപ്പതിലധികം വരുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നത് ഈ 45 കാരിയാണ്.
2015 ലാണ് സി.ഐ.എസ്.എഫിലായിരുന്ന രേഖ എൻ.ഡി.ആർ.എഫിന്റെ ആദ്യവനിതാ കമാൻഡിംഗ് ഓഫീസറായി ഡെപ്യൂട്ടേഷനിലെത്തുന്നത്.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രേഖ പാതി മലയാളിയാണ്.
ഒരു നിമിഷം പോലും വിശ്രമമില്ലാതെയാണ് എൻ.ഡി.ആർ.എഫ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒരു ചായ പോലും കുടിക്കാതെയാണ് രാവിലെ മുതൽ സന്ധ്യ വരെ പ്രവർത്തിക്കുന്നത്.
ഫോർത്ത് ബറ്റാലിയനിലെ സീനിയർ കമാൻഡൻറായ രേഖയ്ക്കായിരുന്നു പ്രകൃതിദുരന്തമുണ്ടായ തവളപ്പാറയിലും ചുമതല.
തവളപ്പാറയിൽ നിന്ന് വ്യത്യസ്തമാണ് പെട്ടിമുട്ടിയിലെ സ്ഥിതിയെന്ന് രേഖ പറഞ്ഞു. പൊലീസിന്റെയും ഫയർ ആന്റ് റസ്ക്യൂവിന്റെയും സഹകരണമുള്ളതിനാൽ തെരച്ചിൽ വേഗത്തിൽ നീങ്ങുന്നതായി അവർ പറഞ്ഞു. തമിഴ്നാട്ടിലെ ആരക്കോണത്താണ് എൻ.ഡി.ആർ.എഫ് ഫോർത്ത് ബറ്റാലിയന്റെ ആസ്ഥാനം.