pirlo-juventus-coach

ടൂറിൻ : ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എത്താൻ കഴിയാത്തതിനെത്തുടർന്ന് പുറത്താക്കിയ മൗറീഷ്യോ സറിക്ക് പകരം തങ്ങളുടെ മുൻ താരം ആന്ദ്രേ പിർലോയെ ഇറ്റാലിയൻ ക്ളബ് യുവന്റസ് പുതിയ പരിശീലകനായി നിയമിച്ചു. ക്ളബ് ഫുട്ബാളിൽ രണ്ട് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന 41കാരനായ പിർലോ കോച്ചിംഗിൽ അധികം പരിചയസമ്പത്തില്ലാതെയാണ് ഭാരിച്ച ചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം യുവന്റസ് അണ്ടർ-23 ടീമിന്റെ പരിശീലകനായി പിർലോയെ നിയമിച്ചതിന് പിന്നാലെയാണ് സീനിയർ ടീമിലേക്കുള്ള സ്ഥാനക്കയറ്റം.

കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്ന് എത്തിയ സറിക്ക് കീഴിൽ യുവന്റസ് തുടർച്ചയായ ഒൻപതാം സെരി എ കിരീടം ഏറ്റുവാങ്ങിയിരുന്നെങ്കിലും ഏറെക്കാലമായി കൊതിക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണയും കിട്ടാക്കനിയായതോടെ ക്ളബ് പുറത്താക്കാൻ മടി കാട്ടിയില്ല. ഒളിമ്പിക് ലിയോണിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടറിൽ യുവന്റസ് ജയിച്ചിരുന്നെങ്കിലും എവേ ഗോളിന്റെ മികവിൽ ക്വാർട്ടറിലെത്തിയത് ലിയോണാണ്. സെരി എയിൽ കിരീടം ഉറപ്പിച്ചശേഷം നടന്ന മത്സരങ്ങളിൽ ദാരുണമായി തോറ്റതും സറിക്ക് പുറത്തേക്കുള്ള വാതിൽ തുറക്കാൻ കാരണമായി. ലോക്ക്ഡൗണിന് ശേഷം ആദ്യ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിലും യുവന്റസ് തോറ്റിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെ ഇറ്റാലിയൻ ഫുട്ബാളിൽ മിന്നിത്തിളങ്ങിയ മിഡ്ഫീൽഡറാണ് പിർലോ. മിഡ്ഫീൽഡ് മാന്ത്രികൻ എന്ന് അറിയപ്പെടുന്ന പിർലോ1995ൽ ബ്രെഷ്യയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ പിർലോ ഇന്റർ മിലാൻ,എ.സി മിലാൻ എന്നീ മുൻ നിരക്ളബുകളുടെയും കുപ്പായമണിഞ്ഞു. പത്തുവർഷത്തോളം എ.സി മിലാനിൽ ചെലവിട്ടശേഷമാണ് 2011ൽ യുവന്റസിൽ എത്തിയിരുന്നത്. 2015ൽ യുവന്റസ് വിട്ടശേഷം രണ്ട് സീസണുകൾ അമേരിക്കൻ ക്ളബ് ന്യൂയോർക്ക് സിറ്റിക്ക് വേണ്ടി കളിച്ചു. 2017ലാണ് പ്രൊഫഷണൽ ഫുട്ബാളിനോട് വിടപറഞ്ഞത്. ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി 116 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2006 ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.