വാഷിംഗ്ടൺ: കൊവിഡ് രൂക്ഷമായി തുടരുന്ന അമേരിക്കയിൽ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു.പ്രതിദിനം 50,000ലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ആകെ മരണം 1.65 ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം ലക്ഷം പിന്നിട്ടു. അതേസമയം, കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ കഴിഞ്ഞദിവസം 23 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളായ യു.എസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണവും ഉയർന്നുനിൽക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം 63,000വും കടന്നു.
അതേസമയം കൊവിഡ് ബാധിതർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുന്നതിനിടെയാണ് ജോലി നഷ്ടമായവർക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചത്. യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിന്റെ ഉത്തരവ്. തൊഴിലില്ലായ്മ വേതനമായി ആഴ്ചയിൽ ഇനി 400 ഡോളർ അധികമായി നൽകും.
ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വീണ്ടും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
രോഗികൾ രണ്ടുകോടിയിലേക്ക്
എട്ട് മാസങ്ങൾക്ക് ശേഷവും ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക് കടക്കുകയാണ്. നിലവിൽ 1,98,15,292 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 7,30,591 മരണം. 1,27,21,850 പേർക്ക് രോഗം ഭേദമായി.
കൊവിഡില്ലാത്ത 100 ദിനങ്ങൾ:
കൈയടി നേടി ന്യൂസിലാൻഡ്
വെല്ലിംഗ്ടൺ: കൊവിഡ് വ്യാപനമില്ലാതെ 100 ദിനങ്ങൾ പിന്നിട്ട ന്യൂസിലാൻഡിന് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദനം. ആദ്യ കൊവിഡ്മുക്ത രാഷ്ട്രമായി മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിക്കപ്പെട്ട ദ്വീപുരാഷ്ട്രമായ ന്യൂസിലാൻഡ്, നൂറ് ദിവസം പിന്നിടുമ്പോഴും വൈറസിനെ അതിജീവിച്ചു നിൽക്കുന്നുവെന്നത് നേട്ടമാണ്. കൊവിഡ് പ്രതിരോധത്തിൽ ആഗോളപ്രശംസ നേടിയ പ്രധാനമന്ത്രി ജസീന്ത ആർഡനും ഇത് അഭിമാന നിമിഷങ്ങൾ. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപുരാഷ്ട്രത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് നിലവിൽ വിശേഷിപ്പിക്കുന്നത്. ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റസ്റ്റോറന്റുകളും സ്റ്റേഡിയങ്ങളുമെല്ലാം ജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, കൊവിഡിനെതിരായ ജാഗ്രത കൈവിടാൻ ന്യൂസിലാൻഡ് ഒരുക്കമല്ല. കാരണം, വിയറ്റ്നാം, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് പിടിച്ചുകെട്ടിയ ശേഷം വീണ്ടും കേസുകൾ വർദ്ധിക്കുന്ന സ്ഥിതിയുണ്ട്. മാർച്ച് അവസാനത്തോടെ പ്രഖ്യാപിച്ച കർശന ലോക്ക്ഡൗൺ നടപടികളാണ് ന്യൂസിലാൻഡിൽ കൊവിഡിനെ തടഞ്ഞുനിറുത്തിയത്. അന്ന് വെറും 100 കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. തുടക്കത്തിലേ കാണിച്ച ഈ ജാഗ്രത അവർ പിന്നീട് കൈവിട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ പുതിയ കൊവിഡ് രോഗികൾ രാജ്യത്തുണ്ട്. പക്ഷേ അവരെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയവരാണ്. ഇവരെ പ്രത്യേകമായി ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.
നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ
കാഠ്മണ്ഡു: കൊവിഡ് മഹാമാരിയിലും പ്രളയത്തിലും ഉഴലുന്ന നേപ്പാളിന് കൈത്താങ്ങായി ഇന്ത്യൻ ആർമി. 10 ഐ.സി.യു വെന്റിലേറ്ററുകളാണ് ഇന്ത്യൻ ആർമി കഴിഞ്ഞ ദിവസം നേപ്പാൾ ആർമിക്ക് നൽകിയത്. നേപ്പാളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി വിനയ് മോഹൻ ക്വാത്ര, നേപ്പാൾ ആർമി ചീഫ് ജനറൽ പൂർണ ചന്ദ്ര ഥാപ്പയ്ക്ക് വെന്റിലേറ്ററുകൾ കൈമാറി. 2019ൽ നേപ്പാൾ ആർമി ചീഫിന് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി റാങ്കും പദവിയും സമ്മാനിച്ചിരുന്നു. ഇന്ത്യ നൽകിയ വെന്റിലേറ്ററുകൾ അടിയന്തര സാഹചര്യം നേടുന്ന ആശുപത്രികളിലേക്ക് ഉടൻ മാറ്റുമെന്നും ഇന്ത്യയുടെ സഹായ മനസിന് നന്ദിയുണ്ടെന്നും ഥാപ പറഞ്ഞു.