ലണ്ടൻ: പൂർണമായി കൊവിഡ് മുക്തമായില്ലെങ്കിലും ഇംഗ്ളണ്ടിലെ സ്‌കൂളുകൾ സെപ്തംബറിൽ തുറക്കാനുള്ള ആലോചനയിലാണ് ബോറിസ് സർക്കാരെന്ന് റിപ്പോർട്ട്. അടിയന്തര ആവശ്യമെന്ന പട്ടികയിലുൾപ്പെടുത്തിയാണ് സ്കൂൾ തുറക്കാനുള്ള നീക്കം. മാസങ്ങളായി വീട്ടിനുള്ളിൽ അടഞ്ഞിരുന്ന് കുട്ടികളുടെ മാനസികാവസ്ഥ വളരെ ഗുരുതരമായ അവസ്ഥയിലായിട്ടുണ്ടെന്നും സ്കൂളുകളിൽ തിരികെ എത്തിയാൽ മാത്രമേ അവരുടെ മാനസികാരോഗ്യ നില വീണ്ടും പഴയതുപോലെ ആവുകയുള്ളൂവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സെപ്തംബർ ആദ്യവാരത്തോടെ തന്നെ കുട്ടികൾ തിരികെ സ്കൂളിലെത്തണമെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായതായും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. ശീതകാലം വരുന്നതോടെ കൊവിഡിന്റെ രണ്ടാംവരവുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ആശങ്കയിലാണ് ജനങ്ങൾ. അതിനിടെ സ്കൂൾ തുറപ്പിക്കുന്നത് രോഗവ്യാപന സാദ്ധ്യത കൂട്ടുമെന്ന വിലയിരുത്തലുമുണ്ട്.