jose-butlar

സമ്മർദ്ദഘട്ടങ്ങളിലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തുവരാറുള്ളതെന്ന് പല കായിക താരങ്ങളും പറയാറുണ്ട്. അത്തരത്തിലൊരു ദുർഘട സാഹചര്യത്തെ അതിജീവിച്ചാണ് ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്‌ലർ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ തന്റെ ടീമിനെ വിജയിപ്പിച്ചെടുത്തത്.

മാഞ്ചസ്റ്ററിൽ മത്സരത്തിന്റെ നാലാം ദിവസം 277 റൺസ് എന്ന ലക്ഷ്യം നേടാനിറങ്ങിയതായിരുന്നു ഇംഗ്ളണ്ട്. 117 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്നു. ആറാം വിക്കറ്റിൽ ബട്ട്‌ലറും ക്രിസ്‌ വോക്സും ക്രീസിലെത്തുമ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 160 റൺസ്. ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ പുറത്തായിരുന്നത് 169 റൺസിനാണ്. അതുകൊണ്ടുതന്നെ ഇംഗ്ളണ്ടിനെ ഉടനേഎറിഞ്ഞൊതുക്കാമെന്ന് പാക് താരങ്ങൾ കരുതിയിരുന്നിരിക്കണം. പക്ഷേ നടന്നത് മറിച്ചാണ്. ബട്ട്‌ലറും വോക്സും കൂടി പാക് മോഹങ്ങളെ തല്ലിക്കൊഴിച്ച് കളം ഭരിക്കാൻ തുടങ്ങി.ഭയലേശമില്ലാതെ ബാറ്റിംഗ് നടത്തിയ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 139 റൺസ് കളിയുടെ വിധിതന്നെ മാറ്റിയെഴുതിക്കളഞ്ഞു. ടീം സ്കോർ 256-ൽ നിൽക്കെ ബട്ട്‌ലറും 273-ൽ വച്ച് ബ്രോഡും പുറത്തായെങ്കിലും വോക്സ് ഉറച്ചുനിന്ന് ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് വിജയം സമ്മാനിച്ചു.

ബോൾഡ്, ബട്ട്‌ലർ

ബട്ട്ലറുടെ മനക്കരുത്തിന് മുന്നിൽ താൻ നമിക്കുന്നുവെന്നാണ് മത്സരശേഷം ഇംഗ്ളീഷ് ക്യാപ്ടൻ ജോ റൂട്ട് പറഞ്ഞത്. അതൊരു ഭംഗിവാക്കല്ലെന്ന് പറഞ്ഞ ക്യാപ്ടൻ അതിന് രണ്ട് കാരണങ്ങളും വെളിപ്പെടുത്തി.

1. പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ പാക് താരം ഷാൻ മസൂദിനെ രണ്ട് തവണ വിക്കറ്റ് കീപ്പറായ ബട്ട്‌ലർ കൈവിട്ടുകളഞ്ഞിരുന്നു. ഷാന്റെ ഇന്നിംഗ്സാണ് പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നൽകിയത്. സമീപകാലത്തെ ഫോമില്ലായ്മയും കീപ്പിംഗിലെ പിഴവുകളും ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെടുത്തുമോ എന്ന പേടിയിലായിരുന്നു ബട്ട്ലർ.

2.ബട്ട്‌ലറുടെ പിതാവ് കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതിയിൽ ടെൻഷനടിച്ചാണ് ബാറ്റിംഗിന് ഇറങ്ങിയത്.

എന്നാൽ ഇതൊന്നും തന്റെ മനസിലുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു ബട്ട്ലറുടെ ബാറ്റിംഗ്. 101 പന്തുകൾ നേരിട്ട ബട്ട്‌ലർ ഏഴു ഫോറും ഒരു സിക്സുമടക്കം 75 റൺസാണെടുത്തത്. ടീമിനെ നൂൽപ്പാലം കടത്താൻ വോക്സിന് ആത്മധൈര്യം പകർന്നതും ബട്ട്‌ലറാണ്. ഒടുവിൽ യാസിർ ഷായുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയാണ് മടങ്ങിയത്.

ആൾറൗണ്ട് വോക്സ്

മനക്കരുത്തിന്റെ മെഡൽ ബട്ട്‌ലർക്കായിരുന്നെങ്കിൽ മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടിയത് ക്രിസ് വോക്സാണ്. രണ്ടാം ഇന്നിംഗ്സിൽ 120 പന്തുകളിൽ 10 ഫോറടക്കം പുറത്താകാതെ 84 റൺസാണ് വോക്സ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ 19 റൺസ് നേടിയിരുന്നു. രണ്ട് ഇന്നിംഗ്സുകളിലും രണ്ട് വീതം വിക്കറ്റുകളും വോക്സ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ അസ്ഹർ അലിയെയും (0) രിസ്‌വാനെയും (9) പുറത്താക്കിയ വോക്സ് രണ്ടാം ഇന്നിംഗ്സിൽ അസ്ഹറി(18)നൊപ്പം ബാബർ അസ(5)മിനെയും പുറത്താക്കി പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചു കളഞ്ഞു.

പഴി അസ്ഹറിന്

ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയിട്ടും മത്സരത്തിൽ പാകിസ്ഥാൻ തോൽക്കാൻ കാരണം നായകൻ അസ്ഹർ അലിയുടെ തെറ്റായ തീരുമാനങ്ങളാണെന്ന് മുൻ നായകൻ വസീം അക്രം വിമർശനമുയർത്തി. രണ്ടാം ഇന്നിംഗ്സിൽ പേസർ നസീം ഷായെ കൂടുതൽ ഉപയോഗിക്കാതിരുന്നതാണ് വസീമിനെ ചൊടിപ്പിച്ചത്. 82-ൽ 13 ഒാവറുകൾ മാത്രമാണ് നസീമിന് നൽകിയത്. സ്പിന്നർ യാസിർ ഷായെയാണ് അസ്‌ഹർ കൂടുതൽ ആശ്രയിച്ചത്. ബട്ട്‌ലറും വോക്സും ക്രീസിൽ കാലുറപ്പിക്കുന്നതിന് മുമ്പ് പേസർമാരെ ഉപയോഗിച്ച് ബൗൺസറുകളും ബീമറുകളും കൊണ്ട് ആക്രമിക്കാനുള്ള ബുദ്ധി ക്യാപ്ടന് ഇല്ലാതെപോയെന്നും മുൻ നായകൻ കുറ്റപ്പെടുത്തി.

രണ്ടാം ടെസ്റ്റ്

പരമ്പരയിൽ ആകെ മൂന്ന് ടെസ്റ്റുകളാണുള്ളത്. രണ്ടാം ടെസ്റ്റ് ഇൗ മാസം 13 മുതൽ സതാംപ്ടണിൽ തുടങ്ങും.

ആദ്യ ഇന്നിംഗ്സിൽ രണ്ട് ക്യാച്ചുകൾ കൈവിട്ടപ്പോൾ പേടി തോന്നിയിരുന്നു. ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതെന്റെ ലാസ്റ്റ് ടെസ്റ്റായിപ്പോകും എന്നാണ് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയപ്പോൾ തോന്നിയത്. അതുകൊണ്ടുതന്നെ എങ്ങനെയും ജയിച്ചേ പറ്റൂ എന്ന് കരുതിയാണ് ബാറ്റ് ചെയ്തത്.

- ജോസ് ബട്ട്‌ലർ

പരമ്പരയിലെ ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ.രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയും തിരിച്ചുവരാൻ ഞങ്ങൾക്ക് കഴിയും. വിമർശനങ്ങളിൽ തളരില്ല.

- അസ്ഹർ അലി, പാക് ക്യാപ്ടൻ