thiruvananthapuram

തിരുവനന്തപുരം: ഒൻപത് ദിവസം മാത്രം കൊണ്ട് സംസ്ഥാനത്താകെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 10,000 പേർക്ക്. അതേസമയം തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനമായി തന്നെ തുടരുകയാണ്. ഇന്ന് മാത്രം തിരുവനന്തപുരത്ത് 282 പേർക്കാണ് കൊവിഡ് രോഗബാധ ഉള്ളതായി സ്ഥിരീകരിച്ചത്. ഇതിൽ 281 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം വീണ്ടും 3000 കടക്കുകയാണ്. ശനിയാഴ്ച ജില്ലയിൽ 485 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 435 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയായിരുന്നു എന്നതും ആശങ്കയേറ്റുന്നു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 7000 കവിയുകയുമാണ്.

കേരളത്തിൽ ഇന്ന് 1,211 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1026 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണങ്ങൾ 108 ആയി ഉയർന്നിട്ടുണ്ട്.