pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം. കർഷകർക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയതായി കേന്ദ്രം അവകാശപ്പെട്ടു.

'പി.എം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാന്‍ തികച്ചും സംതൃപ്തനാണ്'- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി തുടക്കമിട്ടു.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കുന്ന രീതിയിൽ കാർഷിക വിഭവങ്ങളുടെ വിളവെടുപ്പിനു ശേഷം കർഷകർക്ക് വേണ്ടിവരുന്ന കോള്‍ഡ് സ്റ്റോറേജ്, കലക്ഷന്‍ സെന്ററുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍, മറ്റ് വികസന പ്രവർത്തനങ്ങള്‍, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് ലക്ഷ്യമിടുന്നത്.