അഞ്ചാം ക്ലാസ് വരെ മാതൃഭാഷ പഠന മാദ്ധ്യമമാക്കണമെന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശം നിർബന്ധിതമാക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ, രാജ്യത്തെ സി.ബി.എസ്.ഇ, ഐ. സി.എസ്..ഇ, നവോദയ,കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആശങ്ക ഒഴിവായി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും മാറ്റി പുതിയ കാലഘട്ടം നേരിടുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി നവീകരിക്കുമെന്ന് വിളംബരം ചെയ്യപ്പെട്ട പുതിയ നയത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കിലും, ഇതിലെ നിർദ്ദേശങ്ങൾ പലതും ഉടനെ നടപ്പിലാക്കുക പ്രായോഗികമല്ലെന്ന ആക്ഷേപമുണ്ട്.സ്കൂളുകളിലെ പഠന മാദ്ധ്യമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചകളാവാമെന്നും, അഴിച്ചുപണികൾ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും പരിഷ്കരണ സമിതി ചെയർമാൻ ഡോ. കസ്തൂരിരംഗനും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലും വ്യക്തമാക്കിയത് അക്കാഡമിക് രംഗത്തെ ഉത്കണ്ഠകൾ കണക്കിലെടുത്താണ്.
പ്രായോഗിക പ്രശ്നങ്ങൾ
കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികൾ ഉൾപ്പെടെ വിവിധ സംസ്ഥാനക്കാരുടെയും ഭാഷക്കാരുടെയും കുട്ടികളും പഠിക്കുന്ന സി.ബി.എസ്, നവോദയ, തുടങ്ങിയ സ്കൂളുകളിൽ ഇംഗ്ലീഷിന് പകരം, ഏതെങ്കിലും പ്രാദേശിക ഭാഷ പഠന മാദ്ധ്യമമാക്കുന്നത് പ്രായോഗിമല്ല. ഈ സാഹചര്യത്തിൽ മാതൃഭാഷാ പഠനം അഞ്ചാം ക്ലാസ് വരെ, കഴിയുമെങ്കിൽ എട്ടാം ക്ലാസ് വരെ എവിടെയെല്ലാം സാധിക്കുമോ, അവിടെയെല്ലാം എന്നതാണ് പുതിയ നിലപാട്.
ത്രിഭാഷാ പദ്ധതിയാണ് പുതിയ നയത്തിൽ പറയുന്നത്. സെക്കൻഡറി തലം (പന്ത്രണ്ടാം ക്ളാസ്) കഴിയുമ്പോൾ രണ്ട് പ്രാദേശിക ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ കൈകാര്യം ചെയ്യാനാവണം. അതിലൊന്നിലെങ്കിലും ഭാഷാ സാഹിത്യം അറിഞ്ഞിരിക്കണം. മൂന്നാമത്തെ ഭാഷ ഇംഗ്ളീഷാവാം.
എൽ.പി.യു.പി, ഹൈസ്കൂൾ ഘടനയിലെ മാറ്റം
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ 4,3,3,2 രീതിക്ക് പകരം 5,3,3,4 രീതി വരുമ്പോൾ, നിലവിലെ ഘടന മാറും. കേരളത്തിലുൾപ്പെടെ ഒന്ന് മുതൽ നാല് വരെ എൽ..പി വിഭാഗമാണ്.പുതിയ നയമനുസരിച്ച് മൂന്ന് വർഷത്തെ അങ്കണവാടി,നഴ്സറി പഠനത്തിനൊപ്പം ഒന്ന്,രണ്ട് ക്ളാസുകളും അടിസ്ഥാന തലമാവും. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് 3,4 ക്ലാസുകൾക്കൊപ്പവും ,ഹൈസ്കൂളിലെ എട്ടാം ക്ളാസ് 6,7 ക്ലാസുകൾക്കൊപ്പവും ചേർക്കണം.ഹയർ സെക്കൻഡറി തലം ഇനിയില്ലെങ്കിലും, പ്ളസ് ടു നിലവിൽ സ്കൂളിന്റെ ഭാഗമായതിനാൽ 9,10,11,12 ക്ളാസുകൾ സെക്കൻഡറി വിഭാഗമാക്കുന്നതിൽ പ്രശ്നം വരില്ല. എന്നാൽ, അങ്കണവാടികളും സ്കൂളിന്റെ ഭാഗമാകുന്നതോടൊപ്പം, സംസ്ഥാനത്തെ എൽ.പി( 1-4),യു,പി( 1-7) സ്കൂളുകളിലും അഴിച്ചുപണി വേണ്ടി വരും.അദ്ധ്യാപകരുടെയോഗ്യതകളിലും മാറ്റം വരാം. അതേ സമയം,തൽസ്ഥിതി തത്കാലം തുടരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രത്തിന്റെ നിലപാട്.അഞ്ച് വയസായ കുട്ടിയെ നേരിട്ട് ഒന്നാം ക്ലാസിൽ ചേർക്കാമെന്നതാണ് കേരളത്തിൽ നിലവിലെ രീതി. ഇനി ആറാം വയസിലാണ്ഒന്നാം ക്ലാസ്.അതിന് മുമ്പ് മൂന്ന് വർഷത്തെ അങ്കണവാടി,നഴ്സറി പഠനവും വേണം. ഇക്കാര്യത്തിലും സംസ്ഥാനങ്ങൾക്ക് സാവകാശം ലഭിക്കുമെന്നാണ് സൂചനകൾ.
തൊഴിൽ പരിശീലനം
സെക്കൻഡറി പഠനം കഴിയുന്ന കുട്ടിക്ക് സ്കൂൾ സർട്ടിഫിക്കറ്റിനൊപ്പം,ഏതെങ്കിലും ഒരു തൊഴിൽ പരിശീലന സർട്ടിഫിക്കറ്റും എന്നതാണ് പുതിയ നയം. ആറാം ക്ലാസ് മുതൽ തന്നെ തൊഴിൽ പരിശീലനവും പഠനത്തിന്റെ ഭാഗമാക്കുമ്പോൾ, ഐ.ടി.ഐകളിലും പോളി ടെക്നിക്കുകളിലും നിലവിലുള്ള പാഠ്യപദ്ധതിയിലും അതിനനുസരിച്ചുള്ള മാറ്റം അനിവാര്യമാവും.
പഴയ ബി.എഡ് കോഴ്സ് പത്ത് വർഷം കൂടി
അദ്ധ്യാപകനാവാനുള്ള മിനിമം യോഗ്യത 4 വർഷത്തെ ഡിഗ്രി-ബി.എഡ് ബിരുദമെന്നത് 2030-ഒാടെ പ്രാവർത്തികമാക്കുമെന്നാണ് പുതിയ നയത്തിലുള്ളത്. അതുവരെ നിലവിലെ രണ്ട് വർഷ ബി.എഡ് കോഴ്സ് തുടാരാനാവും. പഠനത്തിനൊപ്പം ഗവേഷണവും ഉൾപ്പെടുന്ന നാല് വർഷ ഡിഗ്രി കോഴ്സാണ് പുതുതായി തുടങ്ങുന്നതെങ്കിലും, നിലവിലെ മൂന്ന് വർഷ ഡിഗ്രി കോഴ്സുകളും തത്കാലം തുടരാനാവും.നിലവിലെ രണ്ട് വർഷ പി.ജി കോഴ്സിന്റെ കാര്യത്തിലും ഇത് സാദ്ധ്യമാവും.മൂന്ന് വർഷ ഡിഗ്രിക്കാർക്ക് തുടർന്ന് രണ്ട് വർഷ പി.ജി പഠനത്തിൽ അവസാന വർഷം ഗവേഷണം മാത്രം.പുതിയ നാല് വർഷ ഡിഗ്രിക്കാർക്ക് തുടർന്ന് ഒരു വർഷ പി.ജി കോഴ്സ്.എം.ഫിൽ ഒഴിവാക്കപ്പെടുമ്പോൾ,അഞ്ച് വർഷ പി.ജിയോ, പുതിയ നാല് വർഷ ഡിഗ്രിയോ ആവും പി.എച്ച്.ഡിക്കുള്ള അടിസ്ഥാന യോഗ്യത. ഗവേഷണത്തിനുള്ള പ്രാധാന്യമാണ് പുതിയ ഉപരിപഠനത്തിന്റെ അടിത്തറ.