കുർണൂൽ: കൊവിഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കാൻ കഷ്ടപ്പെടുന്ന ലോകജനതയ്ക്ക് ആത്മവിശ്വാസമേകി ഇതാ ഒരു 105 വയസുള്ള 'ചെറുപ്പക്കാരി". ആന്ധ്രാപ്രദേശിലെ കുർണൂലിലെ ബി.മോഹനമ്മയാണ് വൈറസിനെ തോല്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത്. പ്രായമായവരെ പിടികൂടിയാൽ വിടാത്ത വൈറസിനെ എങ്ങനെ പരാജയപ്പെടുത്തിയെന്ന് ചോദിച്ചാൽ ചെറുചിരിയോടെ മോഹനമ്മ പറയും,
“വളരെയധികം ആത്മവിശ്വാസം, ശരിയായ ഭക്ഷണക്രമം, മരുന്ന്, ധ്യാനം, പതിവ് യോഗ എന്നിവയിലൂടെ കൊവിഡിനെ തോൽപ്പിക്കാനാകും.'
ജൂലായ് 13നാണ് കൊവിഡ് ബാധിച്ച മോഹനമ്മ കുർണൂലിലെ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവർ രോഗമുക്തയായായി വീട്ടിലേക്ക് മടങ്ങി. മക്കളിൽ ഒരാളുടെ വീട്ടിലാണ് മോഹനമ്മ താമസിക്കുന്നത്.
26 പേരക്കുട്ടികളും 18 കൊച്ചുമക്കളും ഉണ്ട് ഈ വൃദ്ധയ്ക്ക്. ദിവസവുമുള്ള ധ്യാനം, യോഗ, പ്രഭാതനടത്തം എന്നിവയ്ക്ക് പുറമെ കൃത്യമായ ഭക്ഷണരീതിയുമാണ് മോഹനമ്മയുടെ ആരോഗ്യ രഹസ്യം.
.