കാഠ്മണ്ഡു: ഒരു മാസത്തിനിടെ വീണ്ടും രാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് തിരികൊളുത്തി നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാമന്റെ ജന്മസ്ഥലം അയോദ്ധ്യ അല്ലെന്നും അത് നേപ്പാളിലാണെന്നും പറഞ്ഞുകൊണ്ട് രംഗത്തുവന്ന നേപ്പാൾ പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത് രാമന്റെ ജന്മസ്ഥലം നേപ്പാളിലെ മാഡിയിലുള്ള അയോദ്ധ്യപുരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ്.
ചിറ്റ്വാൻ ജില്ലയിലുള്ള മാഡിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘത്തോടാണ് ഒലി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ഈ പ്രദേശത്ത് രാമന്റെ ബിംബം സ്ഥാപിക്കണമെന്നും രാമന്റെ ജന്മസ്ഥലം എന്ന നിലയിൽ അയോദ്ധ്യപുരിക്ക് പ്രശസ്തി നേടിക്കൊടുക്കാനായി പ്രവർത്തിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി പ്രതിനിധിസംഘത്തോട് പറഞ്ഞു.
ഭരണനയങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ശർമ്മ ഒലി ഈ പ്രസ്താവനയുമായി രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയുടെ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഈ അവകാശവാദങ്ങളെ 'അസംബന്ധവും', 'അസ്വസ്ഥതയുണ്ടാക്കുന്നതും', 'നയന്ത്രന്ത്രപരമല്ലാത്തതും' എന്നാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിക്കുന്നത്. ഒലി നിരന്തരം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പറയുന്നു. ഏറെ നാളുകളായി എൻ.സി.പി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു ഒലി.
തന്നെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ശ്രമിച്ചാൽ പാർട്ടി പിളർത്താനാണ് ഒലി ഉദ്ദേശിക്കുന്നതെന്നും സൂചനകളുണ്ട്. ഏതായാലും ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് ഒലി നിരന്തരം പ്രസ്താവനകൾ നടത്തുന്നതിന് പിന്നിൽ ചൈനയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതോടൊപ്പം തന്റെ ഭരണപരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും ഒലി ഈ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നു.
ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള നേപ്പാളിന്റെ നീക്കം ഉൾപ്പെടെയുള്ള പ്രവർത്തികളിലൂടെ ഇന്ത്യയെ കരിവാരിത്തേച്ചുകൊണ്ട് ചൈനയെ പ്രീതിപ്പെടുത്താനും അതുവഴി ചൈനയുടെ പിന്തുണ നേടാനാണ് ലി ശ്രമിക്കുന്നതെന്ന് ഇവർ അനുമാനിക്കുന്നു.
ചൈനയെ ഇതിനെ ആവോളം പ്രോത്സാഹനം നൽകുന്നുവെന്നും സൂചനയുണ്ട്. എന്നാൽ ഒലിയുമായി ബന്ധപ്പെട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്ക് നയിക്കരുതെന്നാണ് ചൈന ആഗ്രഹിക്കുന്നത്. ഇതിനായി, നേപ്പാൾ പ്രധാനമന്ത്രിയുടെ എതിരാളികളായ പാർട്ടി വക്താക്കളുമായി നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്ങി നിരന്തരം സമ്പർക്കം പുലർത്തിവരികയുമാണ്.