മൂന്നാർ:രാജമല പെട്ടിമുടിയിൽ ദുഷ്കരമായ സാഹചര്യത്തിൽ മണ്ണിനടിയിൽപെട്ടവർക്കായി തെരച്ചിൽ തുടരുന്നതിനിടെ രക്ഷാപ്രവർത്തകരിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തി. ആലപ്പുഴയിൽ നിന്നുള്ള ഫയർ ആന്റ് റസ്ക്യൂ യൂണിറ്റംഗത്തിനാണ് രോഗം ബാധിച്ചത്. ആലപ്പുഴയിൽ വച്ചാണ് ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതായി അറിയിച്ചതോടെ ഇദ്ദേഹത്തെ ഇന്നലെ ആംബുലൻസിൽ ആലപ്പുഴയ്ക്ക് അയച്ചു. ഒപ്പമുണ്ടായിരുന്ന 25 അംഗ യൂണിറ്റിനെയും തിരിച്ചയച്ചു. വരും ദിവസങ്ങളിൽ മറ്റുള്ള രക്ഷാപ്രവർത്തകരുടെ കൊവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പലരും തമിഴ്നാട്ടിലെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.