nri

കൊച്ചി: സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി ഉയർത്തണമെന്ന ആവശ്യം രണ്ടു മാസത്തിനുള്ളിൽ പരിഗണിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി പ്രവാസി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകി.

നിലവിൽ 60 വയസു വരെയുള്ളവർക്ക് ക്ഷേമനിധിയിൽ അംഗമാകാം. ഇത് ഉയർത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) എന്ന സംഘടന നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.

ശ്രീധരൻ പ്രസാദ് നയിക്കുന്ന (കൺട്രി ഹെഡ്, യു.എ.ഇ) പി.എൽ.സിക്ക് വേണ്ടി അഡ്വ. ജോസ് എബ്രഹാം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാനായി 2008ൽ സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിയമം പാസാക്കിയിരുന്നു. പ്രവാസികൾക്ക് പെൻഷൻ ഉൾപ്പെടെ നൽകുക എന്നലക്ഷ്യത്തോടെ പിന്നീട് പ്രവാസി ക്ഷേമബോർഡ് സ്ഥാപിച്ചു. ക്ഷേമനിധിയും രൂപീകരിച്ചു.

60 വയസിനു ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്താതിരിക്കുന്നത് വിവേചനപരമാണെന്നാണ് പി.എൽ.സിയുടെ വാദം. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന എല്ലാവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.