saudi

 ഓഹരി വാങ്ങൽ തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്ന് സി.ഇ.ഒ നാസർ

മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസിൽ ഓഹരി നിക്ഷേപം നടത്താനുള്ള നീക്കം സൗദി ആരാംകോ ഉപേക്ഷിച്ചിട്ടില്ലെന്ന് സി.ഇ.ഒ അമീൻ എച്ച്. നാസർ പറഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിലാണ് റിലയൻസ് ഓഹരികളിൽ നിക്ഷേപതാത്പര്യം സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ കമ്പനിയുമായ സൗദി ആരാംകോ വ്യക്തമാക്കിയത്. എന്നാൽ, ക്രൂഡോയിൽ വില കുത്തനെ കുറയുകയും ലാഭം കുറയുകയും ചെയ്‌തതോടെ, തുടർനടപടികളിൽ ആരാംകോ മൗനം പാലിക്കുകയായിരുന്നു.

കൊവിഡ് വ്യാപനവും ക്രൂഡോയിൽ വിപണിയിൽ വൻ പ്രതിസന്ധിയായതോടെ, റിലയൻസിൽ നിക്ഷേപിക്കാനുള്ള തീരുമാനം ആരാംകോ ഉപേക്ഷിച്ചേക്കുമെന്ന് ശ്രുതിയുയർന്നു. ആരാംകോയുമായുള്ള നിക്ഷേപ ഇടപാട് പ്രതീക്ഷിച്ചപോലെ മുന്നോട്ടു പോയില്ലെന്ന് ജൂലായിൽ നടന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയും പറഞ്ഞിരുന്നു. ഓഹരി നിക്ഷേപം പരിഗണനയിലുണ്ടെന്ന് ആരാംകോ വ്യക്തമാക്കിയതോടെ,​ ഇന്ത്യയിലേക്ക് നേരിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടിനാണ് കളമൊരുങ്ങുന്നത്.

വമ്പൻ ഇടപാട്

റിലയൻസ് ഇൻഡസ്ട്രീസിന് 7,​500 കോടി ഡോളർ സംരംഭക മൂല്യം (ഏകദേശം 5.64 ലക്ഷം കോടി രൂപ)​ കണക്കാക്കി 20 ശതമാനം ഓഹരികൾ വാങ്ങാനുള്ള താത്പര്യമാണ് സൗദി ആരാംകോ നേരത്തേ മുന്നോട്ടുവച്ചത്. അതായത് 1,​500 കോടി ഡോളർ (1.12 ലക്ഷം കോടി രൂപ)​ ആരാംകോ നിക്ഷേപിക്കും. ഇടപാട് നടന്നാൽ,​ ഇന്ത്യയിലേക്ക് നേരിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കും (എഫ്.ഡി.ഐ)​ ഇത്.

ലാഭത്തകർച്ച 73%

കൊവിഡ് മൂലം ക്രൂഡോയിൽ ഡിമാൻഡ് ഇടിഞ്ഞതോടെ ഏപ്രിൽ-ജൂൺപാദത്തിലെ ലാഭം 73 ശതമാനം കുറഞ്ഞെന്ന് സൗദി ആരാംകോ വ്യക്തമാക്കി. 2,​470 കോടി ഡോളറിൽ നിന്ന് 660 കോടി ഡോളറിലേക്കാണ് ലാഭം ചുരുങ്ങിയത്.