zomato-

ന്യൂഡൽഹി: വനിതജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 10 ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സോമാറ്റോ. ആര്‍ത്തവ അവധിക്ക് അപേക്ഷിക്കുന്നതില്‍ നാണക്കേടോ മടിയോ കാണിക്കേണ്ടതില്ലെന്ന് സോമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആര്‍ത്തവ അവധിയിലാണെന്ന് ഓഫീസ് ഗ്രൂപ്പുകളിലും ഇമെയിലിലും ജീവനക്കാര്‍ക്ക് യാതൊരു മടിയുമില്ലാതെ പറയാമെന്നും ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.

ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഈ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്നതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും അവര്‍ക്ക് വിശ്രമം ആവശ്യമാണെന്ന് അറിയാം. ധാരാളം സ്ത്രീകള്‍ക്ക് ആര്‍ത്തവം വളരെ വേദനാജനകമാണ്. സോമാറ്റോയില്‍ ഒരു യഥാര്‍ത്ഥ സഹകരണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമാക്കി 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച സോമാറ്റോ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കമ്പനികളില്‍ ഒന്നാണ്. അയ്യായിരത്തിലധികം പേരാണ് സോമാറ്റോയില്‍ ജോലി ചെയ്യുന്നത്.