പത്തനംതിട്ട: ശക്തമായ നീരൊഴുക്കിനെത്തുടർന്ന് പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ തുറന്നു. ഘട്ടം ഘട്ടമായാണ് ആറു ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 983.45 മീറ്റർ എത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്.
നിലവിൽ തന്നെ ചില താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞൊഴുകുന്ന പമ്പയിൽ 40 സെന്റിമീറ്റർ കൂടി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ട് ഷട്ടറുകൾ തുറന്നത്. വൈകീട്ട് അഞ്ചുമണിയോടെ റാന്നിയിൽ അധിക ജലം എത്തി. എന്നാൽ വെളളപ്പൊക്കത്തിനുളള സാദ്ധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാത്രി പത്തുമണിയോട് കൂടി മാത്രമേ ആറു ഷട്ടറുകൾ തുറന്നതിന്റെ ഫലമായുളള അധിക ജലം എത്തുകയുളളൂ. ഇതിന്റെ ഫലമായി ജലനിരപ്പിൽ 40 സെന്റിമീറ്ററിന്റെ വർദ്ധന മാത്രമേ ഉണ്ടാവുകയുളളൂ എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എങ്കിലും തീരപ്രദേശത്തുളളവരും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.