മുംബയ്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റ് ക്യാപ്ടൻ ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് സാഠേയുടെ മൃതദേഹം മുംബയ് വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൂന്നേകാലോടെ വിമാനത്താവള പരിസരത്തുള്ള എയർ ഇന്ത്യയുടെ ഓഫീസിൽ പൊതുദർശനത്തിന് വച്ചു.
സാഠേയുടെ ഭാര്യ സുഷമ, മകൻ, മറ്റു ബന്ധുക്കൾ എന്നിവർ മറ്റൊരു വാഹനത്തിൽ എയർ ഇന്ത്യ ഓഫിസിൽ എത്തി. എയർ ഇന്ത്യയിലെ പൈലറ്റുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയിൽ നിന്ന് ഒരു മകൻ എത്താനുള്ളതിനാൽ സംസ്‌കാരം ചൊവ്വാഴ്ചയെ നടത്തൂ എന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.