മലയാളത്തിലെ ആദ്യത്തെ സോംബി സിനിമ എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന 'രാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ചിത്രം 'എസ്ര'യ്ക്ക് ശേഷം തിരക്കഥാകൃത്ത് മനുഗോപാലിന്റെ രചനയില്‍ സംവിധായകന്‍ കിരണ്‍ മോഹന്‍ ഒരുക്കുന്ന 'രാ'യുടെ പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇത്തരം പശ്ചാത്തലത്തിൽ ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലുമൊക്കെ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ആദ്യത്തെ പരീക്ഷണമാണ് 'രാ'.തമിഴില്‍ 'ബ്രഹ്മപുരി' എന്ന പേരില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഹൊറര്‍ സിനിമയുടെ സംവിധായകന്‍ കൂടിയാണ് കിരണ്‍. ഏവരേയും പിടിച്ചിരുത്താന്‍ പോന്ന ഒരു ഹൊറര്‍ മൂഡിലുള്ള ചിത്രമായിരിക്കും 'രാ' സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
'ജീവന്‍ വെക്കുന്ന' മൃതദേഹങ്ങളും അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന മനുഷ്യരുമൊക്കെ ചേരുന്ന ഭാവനാലോകമാണ് സിനിമയില്‍ സോംബികളുടേത്. നരഭോജികളായാണ് പല സിനിമകളിലും സോംബികള്‍ ചിത്രീകരിക്കപ്പെടുന്നത്. മിക്കവാറും സോംബി ചിത്രങ്ങള്‍ 'ഹൊറര്‍' വിഭാഗത്തിലേക്ക് നയിക്കപ്പെടുമ്പോള്‍ ആക്ഷന്‍, കോമഡി എന്തിന് റൊമാന്‍സ് വിഭാഗത്തിലേക്കുവരെ എത്തിനില്‍ക്കുന്ന സോംബി ചിത്രങ്ങള്‍ പല ലോകഭാഷകളിലായുണ്ട്.