ഹൈദരാബാദ്: താൻ പ്രണയിച്ചയാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി വീട്ടമ്മ. ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം നടന്നത്. താൻ മൂന്നു മാസം ഗർഭിണിയാണെന്നും തന്റെ കാമുകനായ സുരേഷ് തന്നെ വിവാഹം ചെയ്യണമെന്നുമായിരുന്നു വീട്ടമ്മയുടെ ആവശ്യം. മനക്കോണ്ടൂർ മേഖലയിലെ ഖാദർ ഗൂഡെ സ്വദേശിയായ സുരേഷ് കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടമ്മയുമായി പ്രണയത്തിലായിരുന്നു.
തുടർന്ന് ഇവർ തമ്മിൽ ശാരീരിക ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ശേഷം സുരേഷ് തന്നെ വിവാഹം കഴിക്കണമെന്ന വീട്ടമ്മയുടെ ആവശ്യം ഇയാൾ നിരസിക്കുകയായിരുന്നു. ഇതോടെയാണ് സുരേഷിന്‍റെ നാട്ടിലെത്തി അവിടെയുള്ള വാട്ടർ ടാങ്കിന്റെ മുകളിൽ കയറി ഇവർ ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഇവരെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം വാട്ടർ ടാങ്കിന് മുകളിൽ തന്നെ തുടർന്നത് ആശങ്കയുളവാക്കി. തന്റെ കാമുകൻ വിവാഹത്തിന് സമ്മതിക്കാതെ വാട്ടർ ടാങ്കിന് മുകളിൽനിന്ന് താഴെ ഇറങ്ങില്ലെന്ന വാശിയിലായിരുന്ന വീട്ടമ്മയെ സ്ഥലത്ത് എത്തിയ നാട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് വീട്ടമ്മയെ ഒടുവിൽ താഴെയിറക്കിയത്. വഞ്ചനാക്കുറ്റത്തിന് സുരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.