heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്നലെ രാത്രി പലയിടത്തും ശക്തമായ മഴയായിരുന്നു.

കുട്ടനാട്ടിൽ സ്ഥിതി മോശമാവുകയാണ്. 83 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. മടവീഴ്ചയുണ്ടായ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കൊണ്ടാണ് ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് അറിയിച്ചു. കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് 12 വരെ നീട്ടി. ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനാവില്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 12ന് ശേഷം കാലാവസ്ഥ പരിഗണിച്ച് പുതിയ തീയതി നിശ്ചയിക്കും. മൂന്നാമത്തെ തവണയാണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് നീട്ടുന്നത്.