ഇടുക്കി: രാജമല പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയ സ്ഥലത്ത് കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു. പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് തിരച്ചിൽ തുടരും. എൻ.ഡി.ആർ.എഫ്, അഗ്നിശമനസേന, വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തിരിച്ചിലിനായി എത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെയോടെയാണ് വീണ്ടും പുനരാരംഭിച്ചത്.
വലിയ പാറക്കൂട്ടം തിരച്ചിലിന് തടസമാവുകയാണ്. തിരച്ചിലിനായി എത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്തും. ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 43 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 28 പേരെക്കൂടി കണ്ടെത്താനുണ്ട്.
ഇന്നലെ 17 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇന്നലെ രാവിലെ മുതൽ ചെറുതും വലുതുമായ പത്ത് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് ഓരോ മേഖലയിലെയും മണ്ണു മാറ്റിയായിരുന്നു തിരച്ചിൽ നടത്തിയത്. രണ്ട് മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകി നദിയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.