mullaperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ള 1700 ഓളം പേരെയാണ് മാറ്റിത്താമസിപ്പിക്കുകയെന്നാണ് സൂചന.

തമിഴ്‌നാടിന്റെ ജാഗ്രതാനിര്‍ദേശം കിട്ടുന്നതനുസരിച്ചാവും പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുക. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയാണ് 136 അടി ആയതെന്നും, ജലനിരപ്പ് 138 ല്‍ എത്തുന്നതിന് മുന്നേ തുറക്കുന്നതാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

142.00അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി . മുല്ലപ്പെരിയാർ ഡാമിലെ ജലം ഒഴുക്കിക്കളയാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.