faisal
ഫൈസൽ ഫരീദ്

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ളോമാറ്റിക് സുരക്ഷ ദുരുപയോഗം ചെയ്ത് വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ 30 കിലോ സ്വർണം കടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ)​ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ ഉന്നതരുടെ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് അടുത്ത ഘട്ടം നീങ്ങുന്നതെന്നാണ് സൂചന. വ്യക്തമായ തെളിവ് ലഭിച്ചാൽ ഇതുമായി ബന്ധപ്പെട്ട അറസ്റ്റുകളും നടന്നേക്കാം.

ഉടൻതന്നെ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകുന്നുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിൻസ് എന്നിവരെ ചോദ്യം ചെയ്യുകയാണ് യു.എ.ഇ യാത്രയിൽ എൻഐ.എയുടെ പ്രധാനലക്ഷ്യം. ഫൈസലിനെ ദുബായ് പൊലീസ് പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടുനൽകുന്നത് വൈകുകയാണ്. അതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകുന്നത്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യവും സംഘത്തിനുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്തിന്റെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സ്വർണക്കടത്തിൽ ഉന്നതരുടെ സ്വാധീനവും ബന്ധവും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിച്ചേക്കുമെന്നും കരുതുന്നു. ഒരു എസ്.പിയും രണ്ടു ഡിവൈ.എസ്.പിമാരും രണ്ട് ഇൻസ്‌പെക്‌ടർമാരും അടങ്ങുന്ന സംഘം രണ്ട് ദിവസത്തിനുള്ളിൽ യു.എ.ഇയിൽ എത്തും. അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാത്രാനുമതി നൽകിയിരുന്നു.

എല്ലാം അറിയുന്നവൻ ഫൈസൽ

സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണിയായ ഫൈസൽ ഫരീദിന്, കടത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് എൻ.ഐ.എ ഉറച്ചുവിശ്വസിക്കുന്നു. യു.എ.ഇയിൽ നിന്ന് ബാഗേജ് അയച്ചത് ഫൈസലിന്റെ പേരിലാണ്. എന്നാൽ, ഫൈസലിനെയും റബിൻസിനെയും ചോദ്യം ചെയ്യുന്നതിനു മുമ്പാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ. ചോദ്യം ചെയ്തത്. അതിനാൽ ഫൈസലിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്വർണക്കടത്തിന് പണവും സഹായവും നൽകിയത് ആരൊക്കെ എന്നുള്ളതാണ് ഇനി കണ്ടെത്തേണ്ടത്. സ്വർണക്കടത്തിന് ആവശ്യമായ പണം ഹവാല ഇടപാടിലൂടെയാണ് ഫൈസലിന് കൈമാറിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ഫൈസലിന് അറിയാമെന്നാണ് എൻ.ഐ.എ കരുതുന്നത്. അറസ്‌റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യു.എ.ഇ കോൺസുലേറ്റിലെ ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും എൻ.ഐ.എയ്ക്ക് വ്യക്തത തേടേണ്ടതുണ്ട്.

സി-ആപ്​റ്റ് പാഴ്സൽ,

മന്ത്രി ജലീലിനെ ചോദ്യം ചെയ്തേക്കും

മന്ത്രി കെ.ടി.ജലീൽ ചെയർമാനായ സി-ആപ്​റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ ഡിപ്ലോമാറ്റിക് കാർഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരിൽ 4479 കിലോ കാർഗോ മാർച്ച് 4ന് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ തിരുവനന്തപുരത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിൽ 32 പാക്കറ്റാണ് മലപ്പുറത്തെത്തിച്ചത്. ഇത് ദുരൂഹമാണെന്നാണ് കസ്‌റ്റംസ് കരുതുന്നത്. ഇതിൽ വ്യക്തത വരുത്താൻ ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി കസ്റ്റംസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. കോൺസുലേറ്റയച്ച പാഴ്സലുകൾ മലപ്പുറത്തുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. പാഴ്സൽ കടത്തിയ സമയത്ത് സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെയും ചോദ്യം ചെയ്യും.

കാർഗോ മാർച്ചിലാണ് എത്തിച്ചതെങ്കിലും ജൂൺ 18നാണ് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ പാക്കറ്റുകൾ സി-ആപ്‌റ്റിലെത്തിച്ചത്. പാഴ്സലുകൾ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലക്ക് പോയി. സി-ആപ്‌റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറമെ നിന്നുള്ള ഡ്രൈവറെയാണ് ഈ യാത്രയ്ക്ക് നിയോഗിച്ചത്. ഇക്കാലയളവിൽ സ്വപ്നയുമായുള്ള ജലീലിന്റെ ഫോൺ വിളികളും അന്വേഷിക്കും. പാഴ്സൽ കടത്തിയതിനു പിന്നാലെ, സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റിനിയമിച്ചതും സംശയത്തിലാണ്.