gold-smuggling-case-swapn

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയിൽ എൻ.ഐ.എ കോടതി ഇന്ന് വിധി പറയും. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എൻ.ഐ.എ കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ സ്വപ്നയെ ജാമ്യത്തിൽ വിടരുതെന്നാണ് എൻ.ഐ.എയുടെ വാദം.

കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യു.എ.പി.എ വകുപ്പുകൾ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വ‌പ്ന‌യ്ക്ക് ബന്ധമില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. ജാമ്യ ഹർജിയിൽ വിധി പറയുന്നതിനിടെ കോടതി നടത്തുന്ന പരാമർശങ്ങൾ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും.