മുംബയ്: കാമുകനെ സഹായിക്കാൻ അച്ഛന്റെ ബാങ്ക് ലോക്കറിൽ നിന്ന് സ്വർണവും പണവും അടിച്ചുമാറ്റിയ ഇരുപത്തൊന്നുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കാമുകനായ അദ്ധ്യാപകനും അറസ്റ്റിലായി. ഉസ്മാ ഖുറേഷി, ചരന്ദദീപ് സിംഗ് അറോറ എന്നിവരാണ് പിടിയിലായത്. മോഷണത്തിനുശേഷം ഒളിച്ചോടിയ ഇരുവരെയും പഞ്ചാബിൽ നിന്നാണ് അറസ്റ്റുചെയ്തത്.
ഉസ്മയും ചരന്ദദീപും തമ്മിൽ പ്രണയത്തിലാണെന്ന് ഉസ്മയുടെ രക്ഷിതാക്കൾക്ക് അറിയാമായിരുന്നു. കഴിഞ്ഞമാസം മുപ്പതുമുതൽ ഉസ്മയെ കാണാതായി. തുടർന്ന് അച്ഛൻ ഉംറാറദാസ് ഖുറേഷി പൊലീസിൽ പരാതി നൽകി. മകൾ ചരന്ദദീപിനൊപ്പം ഒളിച്ചോടിയതാണെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ ബാങ്ക് ലോക്കറിൽ നിന്ന് പത്തുലക്ഷം രൂപയും ഒമ്പതുലക്ഷം രൂപയുടെ സ്വർണവും നഷ്ടപ്പെട്ടതായി വ്യക്തമായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൂട്ടുകാരിയുടെ ആഭരണങ്ങൾ വയ്ക്കാനാണെന്ന് പറഞ്ഞ് കഴിഞ്ഞമാസം ഇരുപത്തിമൂന്നിന് മകൾ തന്റെ കൈയിൽനിന്ന് ലോക്കറിന്റെ താക്കോൽ വാങ്ങിയിരുന്നുവെന്നും അപ്പോഴാണ് സ്വർണവും പണവും അടിച്ചുമാറ്റിയതെന്നും ഉംറാറദാസ് പൊലീസിനെ അറിയിച്ചു. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിൽ ഇവർ പഞ്ചാബിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിൽ ഉണ്ടെന്ന് മനസിലാക്കി. തുടർന്ന് പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. അടിച്ചുമാറ്റിയ സ്വർണവും പണവും ലാേക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. .