thoothukudy-police-death

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യൽ സബ് ഇൻസ്‌പെ‌ക്‌ടർ പോൾദുരൈ(56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് പോൾദുരൈ മരിച്ചതെന്നാണ് വിവരം. പി. ജയരാജ്, മകൻ പി. ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണ കേസിൽ പോൾദുരൈ ഉൾപ്പെടെയുള്ള പൊലീസുകാരാണ് അറസ്റ്റിലായത്. തുടർന്ന് ഇവർ മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

ജൂലായ് 24നാണ് പോൾദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്ന പോൾദുരൈയുടെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്. ലോക്ക്ഡൗൺ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകൻ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മർദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ബെനിക്സിന്റെ മൊബൈൽ കടയിൽ രാത്രി ഒമ്പതുമണിക്ക് വൻ ജനകൂട്ടം ആയിരുന്നെുവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമായിരുന്നു പൊലീസിന്റെ എഫ്.ഐ.ആർ.

കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമായിരുന്നു പോൾദുരൈ ഉൾപ്പടെയുള്ളവരുടെ വാദം. എന്നാൽ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പിന്നീട് വ്യക്തമായി. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കടയ്ക്ക് മുന്നിൽ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.