idukki

തിരുവനന്തപുരം: മഴ മാപിനികൾ സ്ഥാപിച്ച് കൃത്യമായി നിരീക്ഷിച്ചാൽ മണ്ണിടിച്ചിൽ സാദ്ധ്യത മുൻകൂട്ടി അറിയാമെന്ന് സംസ്ഥാനത്ത് മണ്ണിടിച്ചിൽ മാപ്പിന് മുൻകൈയെടുത്ത ശാസ്ത്രജ്ഞനും കേരള സർവകലാശാല ജിയോളജി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സജിൻകുമാർ പറഞ്ഞു. മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 'കേരള കൗമുദി ഫ്ളാഷി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ ഒഴികെ ഇടുക്കി ജില്ലയിലെ 60 ശതമാനം പ്രദേശങ്ങളും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതാണ്.

മഴ മാപിനികളിലെ അളവ് ശേഖരണം കൃത്യമായ സമയത്തല്ല നടക്കുന്നതെന്ന് യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ സഹായത്തോടെ ‌ ഇടുക്കിയിൽ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു. തുടർച്ചയായ മഴയിൽ വെള്ളം ഊർന്നിറങ്ങുന്നതിന് മുമ്പ്,​ ഡ്രെയിനേജ് വഴി പുറന്തള്ളിയാൽ 60 ശതമാനം വരെ മണ്ണിടിച്ചിൽ ഒഴിവാക്കാം. മഴയിൽ രൂപപ്പെടുന്ന ചാലുകളിലേക്ക് വെള്ളം തിരിച്ചുവിടണം. ഒഴുക്ക് തടയുന്ന മാലിന്യങ്ങളെ മാറ്റണം. പാറയുടെ പുറത്തുള്ള മണ്ണ് പൂരിതമാകാൻ 100 മില്ലി മീറ്റർ മഴ വേണം. ഒാരോ ദിവസത്തെയും മഴയുടെ തോത് മനസിലാക്കി മുൻകരുതലെടുക്കാം. കനത്ത മഴ പെയ്ത് തുടങ്ങിയാൽ എല്ലാവരെയും ഒറ്റയടിക്ക് മാറ്റിപാർപ്പിക്കുക അസാദ്ധ്യം. അടുത്ത രണ്ടു ദിവസം പെയ്യാനിടയുള്ള മഴ വിലയിരുത്തി ആളുകളെ ഒഴിപ്പിക്കാം.

ഡിജിറ്റൽ മാപ്പ് വേണം

സംസ്ഥാനത്ത് ഹൈ റെസല്യൂഷനുള്ള ഉപഗ്രഹ മാപ്പില്ല. ശേഖരിക്കുന്ന ഡേറ്റ വിശകലനം ചെയ്ത് ഉപയോഗിക്കാനാവണം. 500 ചതുരശ്ര കിലോമീറ്റർ വരെ കിട്ടുന്ന ഡിജിറ്റൽ മാപ്പുകളുണ്ട്. ഡിജിറ്റൽ എലിവേഷൻ മോ‌ഡുള്ള ചിത്രം ത്രീ ഡയമെൻഷനിൽ കിട്ടും. 2018ൽ പ്രളയം തീവ്രമായിരുന്ന സമയത്തെ ഒരു ഉപഗ്രഹ ചിത്രം പോലും നമ്മുടെ കൈവശമില്ലെന്ന് ഡോ. സജിൻകുമാർ പറഞ്ഞു.