ലെനയെ കാലം തൊടാൻ മടിക്കുന്നതു പോലെ... എന്താണ് ഈ മുഖസൗന്ദര്യത്തിന്റെ രഹസ്യം? എന്താണ് ഫിറ്റ്നസ് മന്ത്ര?സ്റ്റൈലിന്റെ കാര്യത്തിൽ ലെന ആളൊരു പുലിയാണ്. സിനിമയിലായാലും വിശ്രമവേളയിലെ സെൽഫിയിലായാലും ചിത്രശലഭത്തെ പോലെ സുന്ദരി. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും ലെന കിടിലനാണെന്ന് ചെറിയൊരു അസൂയയുടെ മേമ്പൊടിയോടെ നമ്മളും സമ്മതിക്കും.സുന്ദരിയാകാൻ കൊതിക്കുന്നവർക്കായി ലെന തന്റെ സൗന്ദര്യ രഹസ്യങ്ങളുടെ ചെപ്പ് തുറക്കുന്നു...
എങ്ങനെ നല്ലവേഷം ധരിക്കാം?
ആദ്യം തന്നെ എന്റെ സ്റ്റൈലിന്റെ രഹസ്യം പറയാം.കംഫർട്ട്.മനസിലായില്ലേ... കംഫർട്ടാണ് എന്റെ സ്റ്റൈൽ മന്ത്ര. ട്രെൻഡുകൾക്ക് പിന്നാലെ പോകാറില്ല. ഏറ്റവും പ്രശസ്തനായ ഡിസൈനറുടെ വിലകൂടിയ ഡ്രസിട്ടിട്ടും നിങ്ങൾക്ക് ഇണങ്ങുന്നതായി തോന്നിയില്ലെങ്കിൽ എന്തുകാര്യം. അതുകൊണ്ട് കംഫർട്ടബിളായ സ്റ്റൈലുകൾ മാത്രമാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ കൊള്ളാമല്ലോ എന്നാളുകൾ പറയാൻ കാരണം ഇടുന്ന വസ്ത്രത്തിൽ എനിക്ക് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായതു കൊണ്ടാണ്. മാത്രമല്ല അവസരത്തിനൊത്ത് വേണം വസ്ത്രം ധരിക്കാൻ. കല്യാണവീട്ടിൽ പോകുന്ന പോലെ യാത്ര പോകാൻ പറ്റില്ലല്ലോ.
ലുക്കിന്റെ കാര്യത്തിൽ സിനിമയിൽ പരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത വളരെ കുറവാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള വസ്ത്രങ്ങളല്ലേ ധരിക്കാൻ കഴിയൂ.എന്റെ ആദ്യകാല സിനിമകളിലൊക്കെ കുളിപ്പിന്നലൊക്കെയായി തുളസിക്കതിർ വച്ച നാടൻ കഥാപാത്രങ്ങളായിരുന്നു.എന്നാൽ ജീവിതത്തിൽ ഞാൻ നേർ വിപരീതമാണ്. കേരളത്തിനു പുറത്തൊക്കെ പഠിച്ചതുകൊണ്ട് എന്റെ ഫാഷൻ സങ്കല്പങ്ങളൊക്കെ വേറെയായിരുന്നു. രണ്ടാം വരവിലാണ് കുറച്ചെങ്കിലും മോഡേൺ കഥാപാത്രങ്ങൾ കിട്ടിയത്. എങ്കിലും മിക്കതും എന്റെ പ്രായത്തെക്കാൾ പക്വതയുള്ളവയായിരുന്നു. അതുകൊണ്ട് ജീവിതത്തിലാണ് ഫാഷൻ പരീക്ഷണങ്ങളൊക്കെ നടത്തുന്നത്.
യാത്ര പോകുമ്പോൾ കുറച്ച് ലൂസായ വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ടം. പലാസോകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതും ബനിയൻ മെറ്റീരിയലിലുള്ള പലാസോകൾ. അതിനൊപ്പം കോട്ടൺ ലോംഗ് ടോപ്പുകളാണ് ഇണങ്ങുന്നത്. നമ്മുടെ കാലാവസ്ഥയ്ക്കും അനുയോജ്യം. ചൂടത്ത് ജീൻസുമിട്ട് നടക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് പലാസോകൾ. ഫംഗ്ഷനുകൾക്കൊക്കെ സ്റ്റൈലിഷായിട്ടുള്ള ചുരിദാർ കുർത്തകളും സാരിയുമാണ് എന്റെ ചോയിസ്. ഗൗണുകളൊന്നും ഉപയോഗിക്കാറില്ല. ഗൗണുകൾ ഭയങ്കര ഗ്രാൻഡാണെന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ, ഭാവിയിൽ ഉപയോഗിച്ചേക്കാം.
എങ്ങനെ മുഖം സുന്ദരമാക്കാം?
സിനിമയിൽ അഭിനയിക്കുന്നൊരാൾക്ക് മേക്കപ്പ് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എപ്പോഴും മേക്കപ്പ് ഇട്ട് നടക്കാൻ ഇഷ്ടമില്ലാത്തൊരാളാണ് ഞാൻ. പക്ഷേ, ജോലിയുടെ ഭാഗമായി മേക്കപ്പ് ഇടാതിരിക്കാനും കഴിയില്ല. അതുകൊണ്ട് മേക്കപ്പിന്റെ കാര്യത്തിൽ എന്റേതായ ചില ശീലങ്ങളൊക്കെയുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും മേക്കപ്പ് ഞാൻ തന്നെയാണ് ചെയ്യുന്നത്. അപ്പോൾ സ്വന്തം ഇഷ്ടമനുസരിച്ച് എന്തു വേണമെങ്കിലും പരീക്ഷിക്കാമല്ലോ. സ്വന്തം പ്രോഡക്ടുകൾ മാത്രമേ ഉപയോഗിക്കാറുമുള്ളൂ. സ്ഥിരമായി ചെയ്ത് ശീലമുള്ളത് കൊണ്ട് സ്കിന്നിന് അധികം ദോഷമുണ്ടാക്കാത്ത പ്രോഡക്ടുകൾ വാങ്ങാൻ ശ്രദ്ധിക്കും.
ലൈറ്റ് മേക്കപ്പാണ് ഇഷ്ടം. ഒരിക്കലും മേക്കപ്പ് ഉണ്ടെന്ന് തോന്നിക്കരുത്. കണ്ണിന്റെ മേക്കപ്പിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. സ്വന്തമായി മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് കണ്ണിന്റെ മേക്കപ്പ് ഹെവിയാക്കിയാൽ ന്യൂഡ് ലിപ് ഷേഡായിരിക്കും നല്ലത്. അതുപോലെ ലൈറ്റ് കളർ, ബേസ് കളർ വസ്ത്രങ്ങളുടെ കൂടെ ഡാർക്ക് കളർ ലിപ്സ്റ്റിക്കാണ് ഇണങ്ങുക. ഞാൻ കൂടുതലും പിങ്ക്, ബ്രൗൺ, ന്യൂഡ് ഷേഡ് ലിപ്സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്.
ഏറ്റവും പ്രധാനം മേക്കപ്പ് പ്രോഡക്ടുകളുടെ നിലവാരമാണ് . അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. അത് നമ്മുടെ ചർമ്മത്തെ ബാധിക്കുന്നതാണല്ലോ. കുറച്ച് പണം ചെലവാക്കിയാലും സാരമില്ലെന്നു വയ്ക്കണം.ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുമ്പോഴാണ് മേക്കപ്പ് പ്രോഡക്ടുകൾ വാങ്ങുന്നത് . മേക്കപ്പിന്റെ കാര്യത്തിൽ മാത്രമാണ് ബ്രാൻഡ് നോക്കുന്നത്. ക്രിസ്റ്റ്യൻ ഡിയോറിന്റെ പ്രോഡക്ടുകളാണ് എനിക്ക് അനുയോജ്യം. പെർഫ്യൂമുകൾ പല ബ്രാൻഡുകളുടെയും ഉപയോഗിക്കാറുണ്ടെങ്കിലും ഡിയോറിന്റെ ജെ അഡോർ എന്ന പെർഫ്യൂമാണ് ഫേവറിറ്റ്.
മേക്കപ്പ് പോലെ പ്രധാനമാണ് ആക്സസറീസും. ആഭരണങ്ങൾ ഒരുപാട് ഉപയോഗിക്കുന്ന കൂട്ടത്തിലല്ല. മാലകളൊന്നും തീരെ ഇഷ്ടമല്ല. ക്രേസുള്ളത് ഇയർ റിംഗുകളോട് മാത്രമാണ്. അതിന്റെ വലിയൊരു കളക്ഷനുണ്ട്. സ്വർണത്തോടും വലിയ താത്പര്യം തോന്നിയിട്ടില്ല. വെള്ളിയും ബ്ളാക്ക് മെറ്റലുമാണ് ഇഷ്ടം.
എങ്ങനെ മുടിമനോഹരമാക്കാം?
മുടിയുടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണെനിക്ക്. സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും അഴകുള്ള മുടി ചന്തമാണ്. നല്ല മുടിയുള്ളവരെ കാണാനും ഇഷ്ടമാണ്. കഥാപാത്രങ്ങൾക്കനുസരിച്ച് മുടിയിലെ സ്റ്റൈലിലും വ്യത്യാസം വരുത്താറുണ്ട്. മുടിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും കാഴ്ചയിൽ വലിയ വ്യത്യാസമുണ്ടാക്കും. ഉദാഹരണത്തിന് ഹെയർ കളർ. ഈ മുടിക്ക് കൊടുത്തിരിക്കുന്ന കളർ നോക്കൂ. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തമിഴ് പടത്തിനു വേണ്ടിയാണ് കളർ കൊടുത്തത്. ഒരുപക്ഷേ, മലയാളത്തിലെ ഒരു പടത്തിലും ഇത് ഉപയോഗിച്ചേക്കാം. ഈ കളർ എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു. മുടിക്ക് നൽകുന്ന കളർ മുഖത്തിന്റെയും കഥാപാത്രത്തിന്റെയും കരുത്ത് വർദ്ധിപ്പിക്കും. അതുപോലെയാണ് മുടി കേൾ ചെയ്യുന്നതും. എന്റേത് സ്ട്രെയിറ്റ് മുടിയാണ്. ഇടയ്ക്ക് കേൾ ചെയ്യുമ്പോൾ വലിയ മാറ്റം ഫീൽ ചെയ്യും. എന്റെ ഒരു ഫ്രണ്ടിന്റെ ബാംഗ്ളൂരുള്ള പാർലറിൽ നിന്നാണ് മുടിയിലെ പരീക്ഷണങ്ങളൊക്കെ ചെയ്യുന്നത്. ഏറ്റവും വിശ്വാസമുള്ള സ്ഥലത്തു നിന്ന് മാത്രമേ ഇതൊക്കെ പരീക്ഷിക്കാവൂ. പരിചയമുള്ള ആരോടെങ്കിലും ഫീഡ്ബാക്ക് ചോദിച്ചിട്ട് വേണം പോകാൻ.
സമയം കിട്ടുമ്പോഴൊക്കെ ഓയിൽ മസാജ് ചെയ്യാറുണ്ട്. അതിന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത്. എണ്ണ ചെറുചൂടോടെ തലയിൽ മസാജ് ചെയ്ത് പിടിപ്പിച്ച ശേഷം ചൂടുവെള്ളത്തിൽ മുക്കിയ തോർത്ത് പൊതിഞ്ഞ് കുറച്ച് നേരം ആവി കൊള്ളിക്കുക. പിന്നീട് നന്നായി ഷാമ്പൂ ചെയ്ത് എണ്ണ കഴുകിക്കളയണം. കണ്ടീഷണർ കൂടി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള മുടികിട്ടും.
എങ്ങനെ സൗന്ദര്യം വർദ്ധിപ്പിക്കാം?
ഫാഷൻ ട്രെൻഡുകൾ ഫോളോ ചെയ്യാറില്ല. വേറെ ആരുടെയും സ്റ്റൈൽ ശ്രദ്ധിക്കാറുമില്ല.നിലവിലെ സ്റ്റൈൽ എന്താണെന്നു ചോദിച്ചാൽ ഒരുപിടിയുമില്ല. അതൊക്കെ ആഴ്ച തോറും മാറുന്നതല്ലേ. സ്വന്തമായിട്ടാണ് ഓരോ സ്റ്റൈലും കണ്ടെത്തുന്നത്. കുറച്ചുകാലത്തെ നിരീക്ഷണത്തിൽ നിന്ന് നമുക്ക് ഇണങ്ങുന്നത് എന്തൊക്കെയാണെന്ന് കണ്ടെത്താനാകും. മേക്കപ്പ് ഉപയോഗിക്കുന്നവർ നാച്വറൽ സ്കിൻ കെയർ മാർഗങ്ങൾ പരീക്ഷിക്കുന്നത് നന്നായിരിക്കും. മേക്കപ്പിന് മുമ്പ് ചർമ്മത്തിന് നല്ലൊരു മോയ്സ്ചറൈസിംഗ് എഫക്ട് വേണം. ആൽമണ്ട് ഓയിലും തേനും ചേർത്ത് മുഖത്തു പുരട്ടി 15 മിനിട്ടിനു ശേഷം കഴുക്കളഞ്ഞാൽ വരൾച്ച മാറി ചർമ്മം നല്ല മൃദുവാകും.
മുടിക്കും എന്റേതായ ചില പൊടിക്കൈകളുണ്ട്. അതിൽ ഏറ്റവും പ്രധാനം ചെറുപഴം കൊണ്ടുള്ള പാക്കാണ്. ചെറുപഴം, മുട്ട, തൈര്, തേൻ എന്നിവയൊക്കെ ചേർത്ത കൂട്ട് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ട് കഴിഞ്ഞ് നന്നായി കഴുകിക്കളയുക. സൈഡ് എഫക്ട്സൊന്നുമില്ല. സ്മൂത്ത് ആൻഡ് സിൽക്കി ഹെയർ കിട്ടും.
എങ്ങനെ ആരോഗ്യംനിലനിറുത്താം?
ഫിറ്റ്നസിലും നല്ല ശ്രദ്ധ കൊടുക്കാറുണ്ട്. സാധാരണ രീതിയിൽ ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ കൺട്രോളുണ്ടാകും. പക്ഷേ, ഹോളിഡേ മൂഡിലൊക്കെയാകുമ്പോൾ നന്നായി ഫുഡ് കഴിക്കും. അപ്പോൾ തടിയും കൂടും. എനിക്ക് ആകൃതിയെന്ന പേരിൽ ഒരു സ്ളിമ്മിംഗ് ക്ളിനിക്കുണ്ട്. ഒരു നിവൃത്തിയും ഇല്ലാതെ വരുമ്പോൾ അവിടെ പോയി ഒന്നു ഷേപ്പായി വരും. ശരീരം ഫിറ്റായിരിക്കുന്നതിനാൽ ഏത് കഥാപാത്രത്തെയും സ്വീകരിക്കാൻ ആത്മവിശ്വാസമുണ്ടാകുമെന്നാണ് എന്റെ അനുഭവം .