തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ളറിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംസ്ഥാന സർക്കാർ മറിച്ചുനൽകിയെന്ന വിവാദത്തിനു പിന്നാലെ, സ്വകാര്യ കമ്പനിക്ക് കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ തന്നെ ഇടനില നിൽക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (എസ്.ഐ.ഇ.ടി) മറവിലാണ് ബംഗളൂരു ആസ്ഥാനമായ ലാസിം സോഫ്‌റ്റ്‌വെയർ കമ്പനിയുടെ തട്ടിപ്പ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ സോഫ്‌റ്റ്‌വെയർ കമ്പനിയുടെ ലിങ്ക് നൽകിയാണ് ചോർത്തൽ. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ മാതൃകാ പരീക്ഷയുമായി ബന്ധപ്പെട്ട് www.sietkerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളാണ് സ്വകാര്യ കമ്പനി ചോർത്തുന്നത്. സ്വർണക്കടത്ത് കേസിൽ സംശയനിഴലിലുള്ള എം.ശിവശങ്കർ സെക്രട്ടറിയായിരിക്കെയാണ് ഐ.ടി വകുപ്പ് ലാസിമിനെ വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചത്.
സർക്കാർ വെബ്സൈറ്റിലെ ലിങ്ക് ക്ലിക്ക് ചെയ്താൽ സ്വകാര്യ കമ്പനിയുടെ പേജിലാണ് എത്തുക. വിദ്യാർത്ഥിയുടെ പേര്, ജനനത്തീയതി, ഇ-മെയിൽ, ആവർത്തിച്ച് എൻട്രൻസ് എഴുതുകയാണോ എന്നീ വിവരങ്ങൾ ആവശ്യപ്പെടും. ഈ മാസം 5നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. 8ന് രജിസ്ട്രേഷൻ അവസാനിപ്പിച്ച് ഇന്നലെ മാതൃകാ പരീക്ഷ നടത്താനിരുന്നതാണ്. കാലവർഷക്കെടുതി കാരണം പരീക്ഷ 16ലേക്ക് മാറ്റി.
ഓൺലൈൻ സേവനങ്ങൾക്ക് ഐ.ടി @സ്കൂൾ അടക്കം സാങ്കേതിക മികവുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് സ്വകാര്യ സോഫ്‌റ്റ്‌വെയർ കമ്പനിയുടെ പരീക്ഷ സർക്കാർ അനുവദിച്ചത്. സ്‌പ്രിൻക്ളർ കരാറിലേതുപോലെ സൗജന്യ സേവനമാണ് ലാസിമിന്റേതെന്നാണ് സർക്കാർ വാദം.
കമ്പ്യൂട്ടർ സ്ഥാപനം മാത്രം
കമ്പ്യൂട്ടർ സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുള്ള ലാസിമിന്, ഓൺലൈൻ പരിശീലനത്തിനപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഒരു പരിചയവുമില്ല. കൊവിഡിനെ പിടിച്ചുകെട്ടിയ കേരളത്തിൽ വിവരവിശകലനം നടത്തിയത് തങ്ങളാണെന്ന് സ്‌പ്രിൻക്ളർ പരസ്യംചെയ്തതു പോലെ, വിദ്യാഭ്യാസവകുപ്പിനായി കണ്ടെന്റ് ഡെവലപ്‌മെന്റ് നടത്തുന്നെന്നാണ് ലാസിമിന്റെ അവകാശവാദം. കണ്ണൂർ സ്വദേശികളായ അഞ്ചു പേരുടേതാണ് കമ്പനി. ദുബായിലും ഓഫീസുണ്ട്.
തീരുമാനം ദുരൂഹം
മാതൃകാപരീക്ഷ നടത്താൻ ലാസിമിനെ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു
എസ്.ഐ.ഇ.ടി എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് ലാസിമിന്റെ അവകാശവാദം. മൂന്നു വർഷം പ്രവർത്തിച്ചാലേ എംപാനൽ ചെയ്യപ്പെടൂ. ലാസിമിന്റെ രജിസ്ട്രേഷൻ 2019ലാണ്.
പരീക്ഷാനടത്തിപ്പിന് ചുമതലപ്പെടുത്തിയ എസ്.ഐ.ഇ.ടി പൊതുമേഖലാ സ്ഥാപനമാണ്. പ്രവേശന പരീക്ഷകൾ നടത്തുന്ന എൻട്രൻസ് കമ്മിഷണറേറ്റ്, എൽ.ബി.എസ് എന്നിവ ഉന്നതവിദ്യാഭ്യാസ വകുപ്പിലാണ്.
ലാസിമിന് 4 ലക്ഷ്യങ്ങൾ
1)പ്ലസ്ടു ജയിച്ച് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ വിൽക്കാം
2) സ്വന്തം ഓൺലൈൻ എൻട്രൻസ് പരിശീലനത്തിലൂടെ പണമുണ്ടാക്കാം.
3)എം.ബി.ബി.എസിനും ബി.ഡി.എസിനും നീറ്റ് യോഗ്യത നേടാനാവാത്തവർക്ക് അമേരിക്ക, ജർമ്മനി, ചൈന, ജോർജിയ, റഷ്യ, ഉക്രെയ്ൻ, ബെലാറസ്, മോൾഡോവ, ലിത്വാനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ പഠനസൗകര്യമൊരുക്കാം
4)ഗൾഫിൽ നിന്ന് നീറ്റ് എഴുതാനെത്തുന്ന പതിനായിരത്തിലേറെ കുട്ടികൾക്ക് എൻ.ആർ.ഐ ക്വോട്ടയിലടക്കം പ്രവേശനം തരപ്പെടുത്താം
'പരീക്ഷാനടത്തിപ്പിന് വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ആവശ്യമില്ല. ജനനതീയതി ഉൾപ്പെടെ ശേഖരിക്കുന്നത് ദുരൂഹമാണ്.'
- വി..കെ. ആദർശ്
ഐ.ടി വിദഗ്ദ്ധൻ
'സർക്കാർ നിദ്ദേശപ്രകാരമാണ് പരീക്ഷ. കമ്പനിയുടേത് സൗജന്യ സേവനമാണ്. എത്ര കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമ്പനിക്കേ അറിയൂ.'
-ബി.അബുരാജ്
ഡയറക്ടർ, എസ്.ഐ.ഇ.ടി