karipur-flight-crash

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺ‌വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്നും എയർപോർട്ട് ഡയറക്‌ടർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വിമാന അപകടത്തിന് ശേഷം ഇതാദ്യമായാണ് ഡയറക്ടർ കെ.ശ്രീനീവാസ റാവു മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.

കരിപ്പൂർ വിമാനത്താവള റൺവേയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വ‍ർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ പ്രധാന റൺവെയിൽ റബ്ബർ അവശിഷ്ടങ്ങൾ ഉണ്ടെന്നും റൺവേയിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും കാര്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന വിവാദങ്ങൾക്കിടെയാണ് എയർപോർട്ട് ഡയറ‌ക്ടറുടെ പ്രതികരണം.

സാധാരണ വിമാനത്താവങ്ങളിൽ നിന്ന് വളരെയേറെ മിനുസമായ റൺവേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയിൽ പോലും ലാൻഡിംഗ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കിൽ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തിൽ റൺവേ നിർമ്മിച്ചതിന് എയർപോർട്ട് ഡയറക്ടർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്. റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ,​ കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്.