air

തിരുവനന്തപുരം: കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി 35 അടി താഴ്ചയിലേക്ക് പതിച്ച് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ലാൻഡിംഗിലെ പിഴവും മിനുസമേറിയ റൺവേയും പ്രതിക്കൂട്ടിൽ നിൽക്കവെ ആക്ഷേപങ്ങൾ തള്ളി കരിപ്പൂർ വിമാനത്താവള ഡയറക്ടർ രംഗത്ത്. കരിപ്പൂരിലെ റൺവേയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ഡയറക്ടർ കെ.ശ്രീനിവാസ റാവു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷണ റിപ്പോർട്ട് വരുമ്പോൾ എല്ലാവർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലാൻഡിംഗ് പിഴവിനൊപ്പം റൺവേയുടെ മിനുസമായ പ്രതലവും വെള്ളക്കെട്ടും പിന്നിൽ നിന്നുള്ള കാറ്റും വിമാനത്താവള അധികൃതരുടെ അലംഭാവവും കരിപ്പൂർ വിമാന ദുരന്തത്തിന് വഴിയൊരുക്കിയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി)​ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ടച്ച്ഡൗൺ സോൺ വിട്ട് വളരെ മുന്നിൽ ലാൻഡ് ചെയ്ത വിമാനത്തിന്,​ റൺവേയുടെ അമിത മിനുസവും വെള്ളപ്പാളി പ്രതിഭാസവും കാരണം വേഗം കുറയ്‌ക്കാനായില്ല. എൻജിന്റെ ശക്തി എതി‌ർ ദിശയിലാക്കി വേഗത കുറയ്ക്കാനുള്ള റിവേഴ്സ് ത്രസ്റ്റ് വിഫലമായതായും അന്വേഷണത്തിൽ കണ്ടെത്തി. പൈലറ്റ് ഡി.വി.സാഠേയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രി 7.23 ന് ലാൻഡിംഗിന് ശ്രമിച്ചപ്പോൾ വിമാനം 1,​983 അടി ഉയരത്തിലായിരുന്നു. വേഗത 156 നോട്ട്‌സ് (288.91കിലോമീറ്റർ). ഉയരവും വേഗതയും കൂടിയതിനാൽ ക്യാപ്‌റ്റൻ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം 7,​175 അടി മുകളിലേക്കുയർത്തി. പിന്നീട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം 7.29ന് എതിർവശത്തു നിന്ന് റൺവേ-10ൽ ലാൻഡിംഗിന് ശ്രമിച്ചു. അപ്പോൾ സമുദ്ര നിരപ്പിൽ നിന്ന് 925 അടി ഉയരത്തിലായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 312 അടി ഉയരത്തിലുള്ള റൺവേയിൽ 600അടി ഉയരത്തിൽ ലാൻഡിംഗ് ശ്രമം കൃത്യമാണ്. പക്ഷേ, വേഗത വില്ലനായി. വിമാനത്തിന്റെ അപ്പോഴത്തെ വേഗത 176നോട്ട്സ് ( 325.95 കിലോമീറ്റർ). 125നോട്ട്സാണ് ( 231.5കിലോമീറ്റർ) സുരക്ഷിത വേഗം. റൺവേ10ൽ വിമാനത്തിന്റെ പിന്നിൽ നിന്ന് കാറ്റ് (ടെയിൽവിൻഡ്) വീശിയിരുന്നു. ഇത് വിമാനത്തെ കൂടുതൽ മുന്നിലേക്കു തള്ളി.വെള്ളപ്പാളി കാരണം ബ്രേക്ക് ചെയ്തിട്ടും ടയർ റൺവേയിൽ ഉറച്ചില്ല. ഓടിനിൽക്കാൻ റൺവേ തികയാതെയും വന്നു.

വിമാനത്താവളത്തിലെ വീഴ്ചകൾ

 റൺവേയിൽ വിള്ളലുകളുണ്ടെന്നും മഴക്കാലത്തെ ലാൻഡിംഗ് അപകടമാണെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് വകവച്ചില്ല

 റൺവേയിലെ വെള്ളം ഒഴുക്കിക്കളയാനും കാറ്റിന്റെ ഗതി അറിയാനുമുള്ള സംവിധാനങ്ങളിലും പാളിച്ച

 ടേബിൾ ടോപ് റൺവേയിൽ സുരക്ഷിതത്വത്തിന് ഘർഷണം കൂട്ടേണ്ടതാണെങ്കിലും കരിപ്പൂരിൽ മിനുസമുള്ള റൺവേയാണ്

 വിമാനത്തിന്റെ ടയർ ഉരഞ്ഞ് റൺവേയിൽ റബ്ബർ പറ്റിച്ചേരും. മഴക്കാലത്ത് തെന്നലുണ്ടാവും. റബർ നീക്കാനുള്ള യന്ത്രം വ്യാഴാഴ്ച മാത്രമാണ് ചെന്നൈയിൽ നിന്നെത്തിച്ചത്

 ഏതാനും മീറ്ററിലെ റബർ മാത്രമാണ് നീക്കിയത്