manacaud

തിരുവനന്തപുരം: മാദ്ധ്യമ സമ്മേളനം വിളിച്ച് പത്രക്കാരെ വിരട്ടുന്ന ചരിത്രം പിണറായി വിജയനല്ലാതെ മ‌റ്റൊരു മുഖ്യമന്ത്രിക്കുമില്ലെന്ന് വിമർശിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്.ഐക്യകേരള ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ചിരിക്കാത്ത മുഖ്യനെന്ന് പുകൾപെറ്റ, PR എജന്റുമാർ ചിരിക്കാൻ പഠിപ്പിച്ച നമ്മുടെ മുഖ്യൻ പുതിയൊരു വഴക്കം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഫേസ്ബുക്കിൽ കുറിച്ച പോസ്‌റ്റിലൂടെയാണ് മണക്കാട് സുരേഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ.

ദുരന്തങ്ങളുടെ പെരുമഴക്കാലത്ത് അരിയും തിന്ന് ആശാട്ടിയെയും കടിച്ച് വീണ്ടും മുരളുന്നു... മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കേരളത്തിന്റെ മുഖ്യമന്ത്രിമാരുടെ ചരിത്രത്തിന് തന്നെ നാണക്കേടാണ്. മാധ്യമ സമ്മേളനം വിളിച്ച് പത്രക്കാരെ വിരട്ടുന്ന ചരിത്രം ഏത് മുഖ്യമന്ത്രിക്കാണ് മുൻപ് ഉണ്ടായിരുന്നത്. സൈദ്ധാന്തിക നേതൃത്വമെന്ന് വിശേഷിപ്പിക്കുന്ന EMS ഈ നയം സ്വീകരിച്ചിട്ടുണ്ടോ? കറകളഞ്ഞ കമ്മ്യുണിസ്റ്റ് മുഖ്യനായിരുന്ന C അച്ചുതമേനോൻ ഈ നയം സ്വീകരിച്ചിരുന്നോ? ചിരിപ്പിക്കുകയും സ്വയം ചിരിക്കുകയും ചെയ്ത പ്രിയപ്പെട്ട EK നായനാർ ഈ മനോഭാവക്കാരനായിരുന്നോ? VS അച്ചുതാനന്ദനും ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. ഐക്യകേരള ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ചിരിക്കാത്ത മുഖ്യനെന്ന് പുകൾപെറ്റ, PR എജന്റുമാർ ചിരിക്കാൻ പഠിപ്പിച്ച നമ്മുടെ മുഖ്യൻ പുതിയൊരു വഴക്കം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണോ? പഴയ സോവിയറ്റ് യൂണിയൻ നേതാവ് സ്റ്റാലിനെ അനുകരിക്കാനുള്ള ശ്രമമാണോയെന്ന് നമുക്ക് സംശയിക്കാം. സ്റ്റാലിന്റെ റഷ്യ പിന്നീട് എന്തായി? സ്റ്റാലിനും ബെറിയയും നടപ്പിലാക്കിയ ധാർഷ്ട്യ നയങ്ങൾക്ക് റഷ്യൻ കമ്യൂണിസ്റ്റു പാർട്ടിക്ക് കനത്ത വില നൽകേണ്ടി വന്ന കാര്യം പാർട്ടിയിലെ രണ്ടാം നിര നേതാക്കളെങ്കിലും പിണറായിയെ പഠിപ്പിക്കേണ്ടതുണ്ട്. അതോ അവർക്കും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ലേ? ജനായത്ത വ്യവസ്ഥിതിയുടെ പൊരുൾ എന്തെന്നറിയാത്ത ഒരു വ്യക്തി ഭരണാധികാരിയായാൽ എങ്ങനെയിരിക്കുമെന്ന് അയാൾ പാർട്ടി പദവിയിലിരുന്ന് തെളിയിച്ചിട്ടുണ്ട്.കാർന്നോർക്ക് അടുപ്പത്തുമാകാം, എന്തുമാകാം, ആരെയും എന്തും പറയാം. പരനാറിയെന്ന് ഏതു പൗരനേയും പറയാം. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണകക്ഷിയെ എന്തും പറയും എങ്ങനെയു വ്യാഖ്യാനിക്കും. അതൊക്കെ മാധ്യമ ങ്ങൾ വാഴ്‌ത്തി പാടണം ജനം തൊള്ളതൊടാതെ വിഴുങ്ങി കൊള്ളണം.എന്നാൽ ഭരണത്തിൽ വന്നപ്പോഴോ?? സ്റ്റാലിനിസ്റ്റ് റഷ്യയാണ് കേരളമെന്ന്, പച്ച മലയാളത്തിൽ പറഞ്ഞാൽ ഗുണ്ടായിസത്തിന്റെ ഭാഷയിൽ പറയാതെ പറയുന്നു. വിരട്ടുകയാണ് മാധ്യമ പ്രവർത്തകരെ. നോക്കൂ പത്രക്കാരോട് എത്ര മാന്യമായിട്ടാണ് കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ പെരുമാറിയിട്ടുള്ളത്. R ശങ്കറിന്റെ കാലവും ലീഡറുടെ 1995 കാലവും ഉദാഹരണമായെടുക്കാം. 1963ലെ കട്ട വണ്ടി വിഷയം മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലു വച്ചെഴുതി പാർട്ടിയെ കൂടി പിളർത്തി അദ്ദേഹത്തെ രാജിയിൽ കൊണ്ടെത്തിച്ചു.എന്നിട്ടോ രാജി വച്ച ശങ്കർ പത്രക്കാരെ വിളിച്ച് ഒരു ചായ സൽക്കാരം നല്കി. എല്ലാ പത്രക്കാരും അതിൽ പങ്കെടുത്തു.പത്രക്കാരോട് നന്ദി പറഞ്ഞു കൊണ്ട് R ശങ്കർ വിനീതവിധേയനായി മന്ത്രിമന്ദിരം വിട്ടു. എത്ര മഹനീയ മാതൃക. നിസ്സാരമായ ഒരു കട്ട വണ്ടി പ്രശ്നത്തിൽ തട്ടി തകർന്ന സർക്കാരിന്റെ മുഖ്യ മന്ത്രിയാണ് രാജിവച്ചതെന്ന് ഓർക്കുക.ലീഡറും തനിക്കെതിരെ ബോധപൂർവ്വം വാർത്ത നല്കിയ പത്രങ്ങളെ പഴിച്ചില്ല. ഇവിടെയോ?? സ്വർണ്ണ കടത്ത് തീവ്രവാദം, രാജ്യദ്രോഹം, പെണ്ണുപിടി, മദ്യം കൊടുത്ത് മയക്കിപീഡനം.വ്യാജ നിയമനം, വ്യാജ കൺസൾട്ടൻസികൾ. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്,ട്രഷറി കൊള്ള എന്നു വേണ്ട കേരള ചരിത്രത്തിലെ ഇന്നുവരെ കാണാത്ത തീവെട്ടി കൊള്ള. ഇതൊക്കെ നടത്തിയിട്ട് വീണ്ടും അലറുന്നു. മാധ്യമ ധർമ്മം പഠിപ്പിക്കുന്നു. R ശങ്കറിനും ലീഡറിനും ഇല്ലാത്ത എന്ത് മഹത്വമാണ് പിണറായി വിജയനുള്ളത്? ഓരോന്നായി എണ്ണിപ്പറയാൻ ഒരു ചുക്കുമില്ല മിസ്റ്റർ പിണറായി.. പൂജ്യത്തിൽ നിന്ന് ഒന്നും ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് തിരിച്ചും ആ എണ്ണൽ തീരും. സരിതയെന്നൊരും പൂജ്യത്തിന് ജനം അറിയാതെ നല്കിയ വിലയാണീ ദുരിത ഭരണമെന്ന വിലയിരുത്തൽ ജനത്തിനുണ്ടായി എന്ന യാഥാർത്ഥ്യം ബോധ്യമായപ്പോൾ താങ്കൾ അന്തം വിട്ട പ്രതിയുടെ എന്തും ചെയ്യുമെന്ന അവസ്ഥയിലായി. മടിയിൽ കനമില്ലാത്ത താങ്കൾ വല്ലാതെ കുനിയുന്നത് കാണുമ്പോൾ ഭാരം എത്ര വരുമെന്നാണ് ജനം ഇപ്പോകരുതുന്നത്. താങ്കൾ വാർത്താ സമ്മേളനത്തിനിരിക്കുമ്പോൾ താങ്കളുടെ മുഖഭാവം നിത്യവും കാണുന്ന ജനം ശ്രദ്ധിക്കുന്ന കാര്യം കൂടി താങ്കൾ ഓർക്കണം. എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുകയേയില്ല എന്ന ഭാവമാണ് താങ്കൾക്കിപ്പോൾ മുഖത്തുള്ളതെന്ന് കണ്ണാടി നോക്കിയാൽ താങ്കൾക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. താങ്കൾ മാധ്യമങ്ങളുടെ നേരെ കയറുന്നതിനെ വേലിയേറ്റവും വേലിയിറക്കവുമായി കാണണം. പുകഴ്ത്തലിൽ പുണരും ഇകഴ്തിയാൽ ഞെരിക്കും.ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും നിങ്ങൾക്ക് അറിയില്ലെന്ന് പണ്ട് താങ്കൾ മാധ്യമങ്ങളോട് പറഞ്ഞതിൻ്റെ സംഗതി ഇപ്പോൾ മാധ്യമങ്ങൾക്ക് പിടി കിട്ടിക്കഴിഞ്ഞു. വരമ്പത്ത് കൂലി കൊടുക്കുന്ന നിങ്ങളുടെ പാടത്ത് ഇനിയേതായാലും മാധ്യമങ്ങൾ പാഴ് വേലയ്ക്കിറങ്ങില്ല തീർച്ച. മരണത്തിൻ്റെ വ്യാപാരികൾ എന്ന് കോൺഗ്രസ്സുകാരെ വിളിച്ചവർ ഇപ്പോൾ മരണത്തിന് വിലയിടുന്നോ?വിമാന അപകടത്തിനിരയായവർക്കും രാജമല അപകടത്തിനിരയായവർക്കും രണ്ട് നീതി പാടില്ലെന്ന പൊതുവികാരം ശക്തമാണ്. പത്തുലക്ഷം വീതം ഇരു ദുരന്തങ്ങൾക്കും ഇരയായവർക്ക് നല്കാൻ സർക്കാർ തയ്യാറാകണം. ഇന്ന മരണത്തിന് ഇത്ര വീതമെന്ന് വിവേചനം കാണിച്ച് മരണത്തിന് വിലയിടാൻ ശ്രമിക്കുന്നത് മരണപ്പെട്ടവരോട് കാണിക്കുന്ന വിവേചനമാണോ?ഖജനാവിൽ കാശ് ഇല്ലാഞ്ഞിട്ടാണോ ഈ വിവേചനം. ഖജനാവ് കാലിയായത് ബിജു ലാലുമാർ മോഷ്ടിച്ചത് കൊണ്ടാണ്. സ്വപ്ന മാർ ലൈഫ് പദ്ധതിയിൽ നിന്ന് കമ്മീഷനായി പറ്റിയിരിക്കുന്നത് കോടികളാണ് ഇതു വച്ചു നോക്കുബോൾ മരണപ്പെട്ടവരോട് കാണിക്കുന്ന വിവേചനം തീർച്ചയായും എതിർക്കപ്പെടണം. മാധ്യമങ്ങൾ അതിശക്തമായി യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് വന്നതിൽ അഭിനന്ദനങ്ങൾ. PR ഏജൻറുമാർ അജണ്ട തീരുമാനിക്കുന്ന തിന്മ നിറഞ്ഞ രാഷ്ട്രീയ പ്രർത്തനങ്ങളെ നന്മ നിറഞ്ഞ മാധ്യമ സോദരസോദരിമാർ പൊളിച്ചെഴുതുക തന്നെ ചെയ്യും.

മണക്കാട് സുരേഷ്

KPCC ജനറൽ സെക്രട്ടറി