pettimudi

ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ മാറി പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്.

നിലവിലെ തെരച്ചിലിന് വലിയ പാറക്കൂട്ടങ്ങളാണ് തടസം സൃഷ്‌ടിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് തീരുമാനം. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മരിച്ചവരുടെ ബന്ധുക്കളായ ആയിരത്തിലേറെ പേർ തമിഴ്‌നാട്ടിൽ നിന്ന് എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്‌മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക.