ന്യൂഡൽഹി: ശ്രീബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെ വീണ്ടും നേപ്പാളിൽ തർക്കം. മഹാത്മാ ഗാന്ധിയും ബുദ്ധനും മഹാന്മാരായ ഇന്ത്യക്കാരാണെന്നും, അവരെ ലോകം മുഴുവന്‍ ഓര്‍ക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്. പരാമർശം നേപ്പാളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശത്തിൽ നേപ്പാൾ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു. ശനിയാഴ്ച സി ഐ ഐ സംഘടിപ്പിച്ച സംവാദത്തിൽ ചോദ്യത്തിനു മറുപടിയായാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബുദ്ധനെക്കുറിച്ച് പ്രതികരിച്ചത്. ഏതൊക്കെ ഇന്ത്യക്കാരാണ് എക്കാലത്തും ഓർമിക്കപ്പെടുന്നതെന്ന ചോദ്യത്തിനാണ് ബുദ്ധനും മഹാത്മാഗാന്ധിയുമെന്ന് മന്ത്രി പ്രതികരിച്ചത്.
ജയശങ്കറിന്റെ പ്രസ്തവാന നികൃഷ്ടമാണെന്ന് എൻ സി പി നേതാവും നേപ്പാൾ മുൻ പ്രധാനമന്ത്രിയുമായ മാധവ് കുമാർ പറഞ്ഞു. ചരിത്രപരമായും പുരാവസ്തു ഗവേഷണ പ്രകാരവും തെളിവുകള്‍ സൂചിപ്പിക്കുന്നത് ബുദ്ധന്‍ നേപ്പാളിലാണ് ജനിച്ചതെന്നാണ്. ഇത് സ്ഥിരീകരിക്കപ്പെട്ടതും തള്ളിക്കളയാനാവാത്തതുമായ സത്യമാണ്. നേപ്പാളിനെ ലുംബിനിയിലാണ് ബുദ്ധന്‍ ജനിച്ചത്. ബുദ്ധന്റെ ജന്മസ്ഥലം യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നാണെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുദ്ധന്റെ ജന്മസ്ഥലം നേപ്പാളാണെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.