മൂവാറ്റുപുഴ: പ്രളയം വന്നാലും കെ എസ് ആർ ടി സി തോറ്റുപിന്മാറുന്ന പ്രശ്നമേയില്ല. ഏതുവെളളക്കെട്ടിലും ദുരിതാശ്വാസ പ്രർത്തനങ്ങൾ നടത്താൻ ആനവണ്ടി തയ്യാർ. വെളളം കയറി വഴിക്ക് നിന്നുപോകുമെന്ന ഭയമേ വേണ്ട. മൂവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിലാണ് വെളളക്കെട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു ബസ് തന്നെ ഒരുക്കിയിരിക്കുന്നത്. ആർ എൻ സി 252 ാം ബസിൽ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ഇത് സാദ്ധ്യമാക്കിയിരിക്കുന്നത്. അതിനാൽ സാമാന്യം വലിയ വെളളക്കെട്ടിലും ഈ ബസിന് പ്രശ്നങ്ങളേതുമില്ലാതെ കടന്നുചെല്ലാനാവും.
എയർ ഫിൽറ്റർ ഡ്രൈവർ ക്യാമ്പിന് ഇടത്തു വശത്ത് അകത്തായി സ്ഥാപിച്ചതാണ് പ്രധാനമാറ്റം. എക്‌സ് ഹോസ്റ്റ് പൈപ്പിന്റെ ഉയരം കൂട്ടുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ ബോഡിക്ക് താഴെയാണ് എക്‌സ് ഹോസ്റ്റ് പൈപ്പ്. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമല്ല വെളളക്കെട്ടിൽപ്പെട്ട് ഏതെങ്കിലും ബസ് വഴിയിലായാൽ കെട്ടിവലിച്ച് ഡിപ്പോയിലെത്തിക്കാനും ഈ ബസ് ഉപയോഗപ്പെടുത്താം. കെട്ടി വലിക്കാൻ പിന്നിൽ എക്സ്ട്രാ ക്ളാമ്പ് ഫിറ്റുചെയ്തിട്ടുണ്ട്. ഈ ബസ് സർവീസ് നടത്താൻ ഉപയോഗിക്കില്ല. പ്രളയഭീതി ഒഴിഞ്ഞാൽ ഈ ബസ് വീണ്ടും പഴയപടിയിലാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം വരുത്തിയത്.
നേരത്തേയും സർക്കാർ ആവശ്യമനുസരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ എസ് ആർ ടി സി സഹായം നൽകാറുണ്ട്.