ഷൊർണൂർ: ഷൊർണൂരിലെ ലോഡ്‌ജിൽ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ സംഘവും പിടികൂടിയ പൊലീസുകാരും കൂട്ട നിരീക്ഷണത്തിലായി. ലോഡ്ജിൽ നിന്ന് അനാശാസ്യപ്രവർത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊലീസുകാർക്ക് ഉൾപ്പെടെ നിരീക്ഷണത്തിലേക്ക് പോകേണ്ടി വന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി കുളപ്പുള്ളി മേഘ ലോഡ്‌ജിൽ നിന്ന് അറസ്റ്റ് ചെയ്‌ത സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനിയായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്തും. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവസ്ഥലത്തേക്ക് എത്തിചേരുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂരിലും പുരുഷന്മാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നതെന്ന് പൊലീസ് അറിയിച്ചു