ls-deepa

തിരുവനന്തപുരം: ക്ളീൻ കിള്ളിയാർ മിഷൻ പദ്ധതി അടക്കം നഗരത്തിലെ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ച ഊർജ്ജസ്വലയായ നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ തലസ്ഥാന നഗരസഭയിൽ നിന്ന് സ്ഥലം മാറി പോകുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ജോയിന്റ് ഡയറക്ടറായി ദീപയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ദീപയ്ക്ക് പകരം കൊച്ചിയിൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറായ അനു ആർ.എസ് നഗരസഭയുടെ പുതിയ സെക്രട്ടറിയാകും. ജൂലായ് 29ന് ചേർന്ന നഗരകാര്യ വകുപ്പിന്റെ സ്ഥാനക്കയറ്റ സമിതിയാണ് ദീപയ്ക്ക് പ്രൊമോഷൻ നൽകാൻ തീരുമാനിച്ചത്. 2016 മുതൽ 2017 ഏപ്രിൽ വരെ നഗരസഭയിൽ അഡിഷണൽ സെക്രട്ടറിയായിരുന്നു ദീപ. പിന്നീടാണ് സെക്രട്ടറിയായത്.

ചട്ടങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ദീപ ശഠിച്ചിരുന്നു.​ അനധികൃതമായി പലരും ആവശ്യപ്പെട്ട ഫയലുകൾ ഒപ്പിടാൻ വിസമ്മതിച്ചതിന് അർഹമായ സ്ഥാനക്കയറ്റം പോലും തടഞ്ഞു വച്ചുവെന്നും എട്ട് ചാർജ്ജ് മെമ്മോകൾ തനിക്ക് ലഭിച്ചുവെന്നും ഒരിക്കൽ നഗരസഭാ കൗൺസിൽ യോഗത്തിൽ ദീപ തുറന്നടിച്ചിരുന്നു. കിള്ളിയാർ ശുചീകരണ മിഷൻ എന്ന പദ്ധതി തന്നെ ദീപയുടെ ആശയമായിരുന്നു. മാലിന്യം നിറഞ്ഞ കിള്ളിയാറിനെ പൂർവസ്ഥിതിയിലാക്കുന്നതിന് ദീപ നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. ഉറവിട മാലിന്യ സംസ്‌കരണം,​ പരസ്യ ബോർഡുകൾ നീക്കം ചെയ്തത് അടക്കമുള്ള കാര്യങ്ങളിൽ ദീപയുടെ നിലപാടുകൾ പ്രശംസിക്കപ്പെട്ടു.

നികുതി വരുമാനം ഉയർന്നു

ദീപ സെക്രട്ടറിയായിരുന്ന കാലത്ത് നികുതി വരുമാനം വർദ്ധിച്ചു.​ എല്ലാ മേഖലയിലും നികുതി പിരിവ് ഊർജ്ജിതമാക്കിയതിലൂടെയായിരുന്നു ഇത്. നികുതി പിരിവിന് ദീപ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ ആദ്യം എതിർ ചേരിയിലായിരുന്ന പല ജീവനക്കാരും പിന്നീട് ഒപ്പം നിന്നു. അമൃത് പദ്ധതിക്ക് കീഴിൽ ദ്രവ മാലിന്യ സംസ്‌കരണത്തിൽ ദീപയുടെ നേതൃത്വത്തിൽ നഗരസഭ സ്വീകരിച്ച നിലപാടുകൾ പ്രശംസനീയമായി. ഉറവിട മാലിന്യ സംസ്കരണത്തിനൊപ്പം നഗരസഭയ്ക്ക് കീഴിലെ ജലസ്രോതസുകളുടെ നവീകരണത്തിലും ദീപ ശ്രദ്ധ ചെലുത്തിയിരുന്നു. കൊവിഡ് കാലത്തും പ്രശംസീനമായ പ്രവർത്തനമാണ് സെക്രട്ടറി എന്ന നിലയിൽ ദീപ കാഴ്ചവച്ചത്. കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങുന്നതിലും ദീപ പ്രധാന പങ്കുവഹിച്ചു.