kaumudy-news-headlines

1. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മാറി പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് ലഭിച്ചത്. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്താന്‍ ഉള്ളവരില്‍ അധികവും കുട്ടികളാണ്


2. നിലവിലെ തെരച്ചലിന് വലിയ പാറക്കൂട്ടങ്ങളാണ് തടസം സൃഷ്ടിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറു സ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആണ് തീരുമാനം. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. തിരച്ചിലിന് എത്തിയ മുഴുവന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്.
3. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല എന്നാണ് വിവരം. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അമ്പതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക.
4. കരിപ്പൂര്‍ വിമാന താവളത്തിലെ റണ്‍വേ സുരക്ഷിതം അല്ലെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിന് വിദഗ്ധര്‍ 9 വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ട് പുറത്ത്. വിമാന താവളത്തിലെ രണ്ടാമത്തെ റണ്‍വേയായ റണ്‍വേ 10-ല്‍ മഴയും യാത്രാ ദിശയില്‍ വീശുന്ന കാറ്റും ഉള്ള സാഹചര്യങ്ങളില്‍ വിമാനം ഇറക്കുന്നത് അപകടമെന്ന റിപ്പോര്‍ട്ടില്‍ പക്ഷേ, നടപടിയുണ്ടായില്ല. യാത്രക്കാരുടെ ജീവന്‍ അപകടത്തില്‍ ആക്കുമെന്ന് വ്യോമയാന സുരക്ഷാ ഉപദേശക സമിതിയംഗം മുന്നറിയിപ്പ് നല്‍കി ഇരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിക്ക പെടുക ആയിരുന്നു
5. കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യത്തെ കര കയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തേജന പാക്കേജിന്റെ രണ്ടാംഘട്ടം അടുത്ത മാസം പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണ മേഖല എന്നിവയ്ക്കായും പാക്കേജില്‍ പ്രാധാന്യം നല്‍കുക എന്നാണ് വിവരം. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനം ആയിട്ടായിരിക്കും പദ്ധതി എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
6 സ്വദേശത്തേയ്ക്ക് മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ നഗരങ്ങളിലെ തൊഴിലവസരം പ്രയോജന പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടല്‍. നിര്‍മ്മാണ തൊഴില്‍ മേഖലയില്‍ മാത്രം 65 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാകും എന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനം മൂലമുള്ള തളര്‍ച്ചയില്‍ നിന്ന് രാജ്യം വിമുക്തമായാല്‍ വികസനത്തിനുള്ള സാദ്ധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിര്‍മ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങള്‍ കൂടിവരുമ്പോള്‍ സമ്പദ് ഘടനയില്‍ ഉണര്‍വ് പ്രകടമാകും എന്നാണ് വിലിയിരുത്തല്‍.
7. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ചില മേഖലകള്‍കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നഗരത്തിലെ കാലടി, കുര്യാത്തി വാര്‍ഡകളിലെ ചില പ്രദേശങ്ങളും കുടപ്പനക്കുന്ന് ഹാര്‍വിപുരം കോളനിയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിന്‍മൂട്, ടൗണ്‍, വഴിമുക്ക്, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാര്‍ഡ്, തൊളിക്കോട് പഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്, നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക്, വെള്ളറടയിലെ അഞ്ചുമരന്‍കാല, കിളിയൂര്‍, മണൂര്‍, പൊന്നമ്പി, മണത്തോട്ടം, പനച്ചുമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി
8. എറണാകുളത്ത് ഫോര്‍ട്ട്‌കൊച്ചി ക്ലസ്റ്ററില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം പതിനഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി പത്തിലധികം പേര്‍ക്ക് ഫോര്‍ട്ടു കൊച്ചി ക്ലസ്റ്ററില്‍ കൊവിഡ് പോസിറ്റീവ് ആകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നിലൊന്നും ഫോര്‍ട്ടു കൊച്ചി ക്ലസ്റ്ററില്‍ നിന്നാണ്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കര്‍ശനമായ നിയന്ത്രണങ്ങളോടെ പശ്ചിമകൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുകയാണ്.
9. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 22,15,704 പേര്‍ക്കാണ്. 1007 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് പറയുന്നു. രാജ്യത്ത് ഇത് വരെ 44,386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നാണ് സര്‍ക്കാര്‍ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ഇന്ന് 15 ലക്ഷം കടന്നു എന്നതാണ് ആശ്വാസകരമായ വാര്‍ത്ത.നിലവില്‍ 6,34,945 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 15,35,743 പേര്‍ രോഗമുക്തി നേടി.