sacin-rahul

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഒത്തുതീർപ്പിന് വഴിയൊരുക്കി സച്ചിൻ പൈലറ്റും എം.എൽ.എമാരും കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ. സച്ചിൻ പൈലറ്റ് രാഹുൽഗാന്ധിയും പ്രീയങ്ക ഗാന്ധിയുമായി അൽപ്പസമയം മുമ്പ് കൂടിക്കാഴ്ച നടത്തി. മൂവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയോടെ ഒരു മാസക്കാലമായി നീണ്ടുനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

സോണിയഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. രണ്ടാഴ്ച മുമ്പ് സച്ചിനും പ്രിയങ്കയും തമ്മിൽ കണ്ടിരുന്നുവെന്നും മടങ്ങിവരവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നുവെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് ഇന്നത്തെ ചർച്ചകൾ നടന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിൻ നേരത്തെ പലതവണ ആവർത്തിച്ചിരുന്നു.

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച് ഗെലോട്ട് പക്ഷം ഇന്ന് രാവിലെയും രംഗത്തെത്തിയിരുന്നു. ഇന്നലെ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. തൊട്ടുപിന്നാലെയാണ് സച്ചിൻ രാഹുലുമായി ചർച്ച നടത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്.

പാർട്ടിയിൽ നിന്ന് പുറത്തുപോയ എം.എൽ.എമാരോട് മൃദു സമീപനം സ്വീകരിക്കരുതെന്ന് രാജസ്ഥാൻ കോൺഗ്രസിന്റെ ഇൻ ചാർജുള്ള അവിനാഷ് പാണ്ഡെ പറഞ്ഞു.രാജസ്ഥാൻ പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളും വിമത എം.എൽ.എമാർക്കെതിരെ തുറന്നടിച്ചിരുന്നു. അതിനിടെ വിമത എം.എൽ.എമാർക്കെതിരെ ഗലോട്ട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഔദ്യോഗിക ക്യാമ്പിൽ നിന്ന് ഉയർന്നിരുന്നു.