rafale-

ന്യൂഡൽഹി: ഇന്ത്യയുടെ റാഫേൽ വിമാനങ്ങൾ ഹിമാചൽ പ്രദേശിലെ പർവത നിരകളിൽ പരിശീലന പറക്കൽ നടത്തി. ലോകത്തെ പോർവിമാനങ്ങളിൽ കരുത്തുറ്റ അഞ്ച് റാഫേൽ വിമാനങ്ങളാണ് രാത്രിയിൽ പരിശീലന പറക്കൽ നടത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് മാറിയായിരുന്നു പരിശീലനപ്പറക്കൽ നടന്നത്.

അതിർത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് റഡാറിന് കണ്ടെത്താൻ കഴിയാത്ത അകലത്തിലാണ് പരിശീലനം. അതിർത്തിയിൽ എത് വിധത്തിലുള്ള നീക്കമുണ്ടായാലും ഉടൻ ആക്രമണത്തിന് തയ്യാറെടുക്കുന്നവിധം ആയുധങ്ങളെല്ലാം ഉപയോഗിച്ച് യുദ്ധസന്നദ്ധമായായിരുന്നു പരിശീലനം.

ഇന്ത്യൻ അതിർത്തികളിലെ സാഹചര്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയും ആയുധശേഷിയും ഉൾക്കൊള്ളുന്നതാണ് റാഫേൽ. മിറ്റിയോർ, സ്‌കാൽപ് എന്നിവയ്‌ക്കു പുറമെ ഹാമർ മിസൈലുകളുമുണ്ട്. അസ്ത്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവയും റാഫേലിൽ ഘടിപ്പിക്കാം. 9.3 ടൺ ആയുധങ്ങൾ വഹിക്കാം. ആണവപോർമുനയും വഹിക്കും.

120 കിലോമീറ്റർ ദൂരപരിധിയുള്ള മെറ്റോറിന്റെ ലക്ഷ്യം നിർണയിച്ചു കഴിഞ്ഞാൽ പിന്നെ ശത്രുവിന് രക്ഷപ്പെടൽ എളുപ്പമല്ല. ഭൂമിയിൽ ലക്ഷ്യം വയ്ക്കുന്ന എന്തിനേയും പിൻപോയിന്റ് കൃത്യതയോടെ തകർത്തു കളയാൻ കെൽപ്പുള്ള മിസൈലാണ് സ്കാൽപ്പ്.