വടക്കാഞ്ചേരി: മോഷണം നടത്തിയശേഷം മദ്യപിച്ച് കിടന്നുറങ്ങിയ ആൾ ബോധം വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ. ഒല്ലൂർ മരത്താക്കര ചൂണ്ടയിൽവീട്ടിൽ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജിനെയാണ് (40) പൊലീസ് പിടികൂടിയത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
വെള്ളിയാഴ്ച ഒരു വീട്ടിൽനിന്ന് രണ്ടുപവൻ മാലയും മൊബൈൽ ഫോണും 'അടിച്ചുമാറ്റി'യ ഇയാൾ വടക്കഞ്ചേരിയിലെത്തി. തുടർന്ന് മാല ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചു. പിറ്റേദിവസം രാവിലെയോടെ വടക്കഞ്ചേരി ടി.ബി. ജംഗ്ഷനടുത്ത് ഇയാളെ നാട്ടുകാർ ബോധമില്ലാതെ കിടക്കുന്നത് കണ്ടു.
തുടർന്ന് സ്ഥലത്ത് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്തൊക്കെ മോഷ്ടിച്ചുവെന്ന് പൊലീസ് ചോദിച്ചപ്പോൾ ഇയാൾ കൃത്യമായി പറഞ്ഞു കൊടുത്തു. പണയംവച്ച മാലയും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.