ഐസ് ക്രീം കിട്ടിയാൽ ഒറ്റയടിക്ക് തിന്നാനാണ് മിക്കവർക്കും ആഗ്രഹം. അത് പങ്കുവയ്ക്കാൻപോലും പലപ്പോഴും ഐസ് ക്രീം കൊതിയന്മാർ ഇഷ്ടാറില്ല. ഇവിടെയിതാ അതുപോലൊരു സീൻ. ഐസ് ക്രീം കപ്പുമായി ദൂരേക്ക് ഓടുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിന് എന്താണിത്ര പുതുമ എന്നല്ലേ.. നായ്ക്കുട്ടിയാണ് ഇവിടെ താരം. തനിക്ക് കിട്ടിയ ഐസ് ക്രീം അകത്താക്കുന്നതിനിടെ യജമാനൻ എത്തുമ്പോൾ ഐസ് ക്രീം കപ്പുമായി ഓടിയകലുകയാണ് ഈ നായ്ക്കുട്ടി.
സെൽഡ എന്ന് വിളിക്കുന്ന ഒരു കോർജി നായ്ക്കുട്ടിയാണ് ഈ താരം. ഫ്ലോറിഡയിലെ മിയാമിയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ഓരോ തവണയും ഉടമസ്ഥൻ അവളുടെ അടുത്തേയ്ക്ക് എത്തുമ്പോൾ തന്റെ ഐസ് ക്രീം തട്ടിപ്പറിക്കാനാണോ എന്ന തോന്നലാണ് അവൾക്ക്. ഐസ്ക്രീം കപ്പ് എടുക്കാനായി ഉടമ കൈ നീട്ടുമ്പോൾ, സെൽഡ അയാളെ അവളുടെ അടുത്തേക്ക് വരാൻ പോലും അനുവദിക്കുന്നില്ല. പകരം അയാളെ അവളിൽ നിന്ന് അകറ്റി നിർത്താനും അവൾ ശ്രമിക്കുന്നുണ്ട്.
ഒന്നുരണ്ട് തവണ ഇങ്ങനെ ഇതാവർത്തിച്ചു. തുടർന്ന് ഐസ് ക്രീം കപ്പുമായി ദൂരേക്ക് പോകുന്ന കാഴ്ചയാണ് ഇതിൽ ഏറെ രസകരം. 'സെൽഡ അവളുടെ പക്കലുള്ളതെല്ലാം പങ്കിടാൻ വിസമ്മതിക്കുന്നു. ഭക്ഷണത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.