
മുംബയ്: കേരള ക്രിക്കറ്റ് ടീം മുൻ നായകനും സ്‌പിന്നറുമായ കെ.എൻ അനന്തപദ്‌മനാഭൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അമ്പയർമാരുടെ എലൈറ്റ് പട്ടികയിൽ സ്ഥാനം പിടിച്ചു. ഐ.സി.സിയുടെ എലൈറ്റ് പാനലിൽ ഇടംകിട്ടുന്ന ആദ്യമലയാളിയാണ് അനന്തപദ്മനാഭൻ. 2016ൽ ഐ.പി.എല്ലിൽ അമ്പയറായി മികച്ച പേരെടുത്ത താരമാണ് കെ.എൻ അനന്തപദ്മനാഭൻ.
നാൽപത് രഞ്ജി ട്രോഫി മത്സരങ്ങളടക്കം 195 മത്സരങ്ങൾ നിയന്ത്രിച്ച ശേഷമാണ്‌ഐ.പി.എല്ലിൽ കളി നിയന്ത്രിക്കാൻ അനന്ത പദ്‌മനാഭന് അവസരം ലഭിച്ചത്. ലെഗ് സ്പിന്നർ എന്ന നിലയിൽ ഒരു കാലത്ത് കേരളത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അനന്തപദ്മനാഭൻ. അനിൽ കുംബ്ലെയുടെ ശക്തമായ സാന്നിദ്ധ്യമാണ് ദേശീയ ടീമിലേയ്ക്ക് ഇടംകിട്ടാതിരിക്കാൻ കാരണമായത്.
2006ലാണ് അനന്തപദ്മനാഭൻ ബി.സി.സി.ഐയുടെ അമ്പയർപാനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മുംബയ് നിവാസിയും ദേശീയ അമ്പയറുമായ നിതിൻ മേനോൻ ഐ.സി.സി എലൈറ്റ് പാനലിൽ ഇടംനേടിയതിന് തൊട്ടുപിന്നാലെയാണ് മലയാളിയായ അനന്തപദ്മനാഭന് ഇടം ലഭിക്കുന്നത്.