തിരുവനന്തപുരം: ശാഖയിൽ പോയിട്ടുള്ള എസ്. രാമചന്ദ്രൻ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്‌ണനെന്ന് പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്.ആർ.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തിൽ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആർ.എസ്.എസുകാർ ആയി കോടിയേരിക്ക് തോന്നുന്നത്. പാർട്ടി സെക്രട്ടറി ഇത്ര വർഗീയവാദി ആകുന്നത് ആദ്യമാണ്. ആർ.എസ്.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ആദ്യം തന്റെ അച്ഛന് ആർ.എസ്.എസ്. ബന്ധം എന്ന് ആരോപിച്ചു. പിന്നീട് തന്നെ സർസംഘചാലക് ആക്കി . ഇപ്പോൾ തന്റെ ഗൺമാനും ആർ.എസ്.എസ്. ആണെന്ന് പറയുന്നത് ശുദ്ധ നുണയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. തന്റെ പാചകക്കാരനെയും നാളെ ആർ.എസ്.എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് പ്രതിരോധമാനദണ്ഡങ്ങൾ ലംഘിച്ച് വീട്ടിൽ ശത്രുസംഹാരപൂജ നടത്തിയ ആളാണ് കൊടിയേരി. മുൻ ശബരിമല മേൽശാന്തിയെ കൊണ്ടായിരുന്നു പൂജ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവം ശരിയാണെന്ന് തനിക്ക് ബോദ്ധ്യപ്പെട്ടു. പൂജ നടത്തിയ കോടിയേരിയാണ് തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. കോടിയേരിയുടെ ശത്രുസംഹാര പൂജയിൽ പിണറായി പേടിച്ചാൽ മതിയെന്നും തനിക്ക് പേടിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എത്ര വ്യക്തിഹത്യ നടത്തിയാലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സർക്കാരിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിലെ സർസംഘചാലക് ആണ് രമേശ് ചെന്നിത്തല എന്ന കോടിയേരിയുടെ വിമർശനത്തോടെ ഇരുവരും തമ്മിൽ പോർമുഖം തുറന്നിരുന്നു. രമേശ് ചെന്നിത്തലയുടെ ഗൺമാന് ആർ.എസ്.എസ്. ബന്ധം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കൊടിയേരി ആരോപിച്ചിരുന്നു. ആദ്യദിവസങ്ങളിൽ കോടിയേരിയുടെ വിമർശനത്തിന് ചെവി കൊടുക്കാതിരുന്ന ചെന്നിത്തല ഇന്ന് കോടിയേരിയെ കടന്നാക്രമിച്ച് കളം പിടിച്ചിരിക്കുകയാണ്.