kamala

ന്യൂയോർക്ക് : ഡബ്ലൂ.ഡബ്ലൂ.ഇ മുൻ താരം ജെയിംസ് ഹാരിസ് അന്തരിച്ചു. 70 വയസായിരുന്നു. ' കമാല ' എന്ന റിംഗ് നെയ്മിലാണ് ഹാരിസ് പ്രസിദ്ധനായത്. 1984ൽ ഡബ്ലൂ.ഡബ്ലൂ.എഫിലൂടെയാണ് ( ഡബ്ലൂ.ഡബ്ലൂ.ഇയുടെ ആദ്യ രൂപം ) കമാല റിംഗിലെത്തുന്നത്. രണ്ട് ദശാബ്ദം നീണ്ട കരിയറിനിടെ ഹൾക്ക് ഹോഗൻ, അണ്ടർടേക്കർ, ആൻഡ്രെ ദ ജയന്റ് തുടങ്ങിയ ഭീമൻമാരോടൊപ്പമെല്ലാം ഹാരിസ് ഏറ്റുമുട്ടിയിട്ടുണ്ട്.

6 അടി 7 ഇഞ്ച് ഉയരവും 350 പൗണ്ട് ഭാരവുമുള്ള ഹാരിസ് ' ഉഗാണ്ടൻ ജയന്റ് ' എന്ന പേരിലും ആരാധകർക്കിടെ അറിയപ്പെട്ടു. ഹാരിസിന്റെ മരണകാരണം വ്യക്തമല്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന് ഈ മാസം ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഹാരിസിന്റെ മരണത്തിൽ ഡബ്ലൂ.ഡബ്ലൂ.ഇ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. മുഖത്തും ശരീരത്തും ഛായങ്ങൾ പൂശിയാണ് ഹാരിസ് മത്സരങ്ങൾക്കെത്തിയിരുന്നത്. 2010ലാണ് ഹാരിസ് പ്രൊഫഷണൽ റസ്‌ലിംഗിൽ നിന്നും വിരമിച്ചത്.