hongkong

ബീജിംഗ്: ഹോങ്കോംഗിലെ പ്രമുഖ മാദ്ധ്യമ വ്യവസായി ജിമ്മി ലായ് ചൈന കൊണ്ടുവന്ന പുതിയ ദേശീയ സുരക്ഷാനിയമ പ്രകാരം അറസ്റ്റിലായി. ആപ്പിൾ ഡെയ്ലി എന്ന ഹോങ്കോംഗിൽ വലിയ പ്രചാരമുള്ള ടാബ്ലോയിഡ് പത്രത്തിന്റെ സ്ഥാപകനാണ് 71കാരനായ ജിമ്മി ലായ്. വിദേശശക്തികളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ജിമ്മി ലായിക്ക് മേൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ജനാധിപത്യപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടും നിരവധി കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ നേരത്തെ ചുമത്തിയിട്ടുണ്ട്.

ആപ്പിൾ ഡെയ്ലിയുടെ ഓഫീസുകളിൽ ഹോങ്കോംഗ് പൊലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. ആപ്പിൾ ഡെയ്ലി ആസ്ഥാനത്തെ പൊലീസ് റെയ്ഡിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണിയാകും വിധം വിദേശശക്തികളുമായി ചേർന്ന് പ്രവർത്തിച്ച ജിമ്മി ലായ് അടക്കമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഹോങ്കോംഗ് പൊലീസ് സ്ഥിരീകരിച്ചു. ഇവർക്കെതിരെ ഗൂഢാലോചനയും തട്ടിപ്പും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ലായിയുടെ മകനേയും അറസ്റ്റ് ചെയ്തതായി ആപ്പിൾ ഡെയ്ലി പറയുന്നു. മൂന്ന് മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ജിമ്മി ലായിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഹോങ്കോംഗിലെ മാദ്ധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങളുടെ ആദ്യ ചുവടാണ് ജിമ്മി ലായിയുടെ അറസ്റ്റെന്ന് ആക്ടിവിസ്റ്റ് എഡ്ഡി ചൂ ഹോയ് കുറ്റപ്പെടുത്തി.