v-k-vismaya

തിരുവനന്തപുരം : ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടി രണ്ട് കൊല്ലം തികയാറാകുമ്പോഴും വി.കെ വിസ്മയയ്ക്ക് സംസ്ഥാന സർക്കാർ നൽകിയ ജോലി വാഗ്ദാനം ഫയലിൽ ഉറങ്ങുകയാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും യൂറോപ്പിലെ വിവിധ ഇൻവിറ്റേഷൻ മീറ്റുകളിലുമായി തുടർന്നും നിരവധി മെഡലുകൾ വിസ്മയ വാരിക്കൂട്ടിയെങ്കിലും ജോലിക്കാര്യത്തിൽ മാത്രം വിജയത്തിലേക്ക് ഫിനിഷ് ചെയ്യാനായിട്ടില്ല.

2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ റിലേയിലാണ് വിസ്മയ സ്വർണം നേടിയിരുന്നത്. തൊട്ടുപിന്നാലെ എറണാകുളത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ഗസറ്റഡ് റാങ്കിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകുമെന്ന് കായിക മന്ത്രി ഇ.പി ജയരാജൻ പ്രഖ്യാപിച്ചിരുന്നു. ആ സമയത്തുതന്നെ സമർപ്പിച്ചിരുന്ന വിസ്മയയുടെ അപേക്ഷ കൊവിഡിന് മുന്നേ കായിക വകുപ്പിന്റെ ശുപാർശയോടെ വിദ്യാഭ്യാസ വകുപ്പിലേക്ക് എത്തിയിരുന്നെങ്കിലും അവി‌ടെ നിന്ന് അനങ്ങിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രിയെ വിസ്മയ നേരിട്ടുകണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടനെ ശരിയാക്കാം എന്ന് ഉറപ്പുനൽകിയതുമാണ്. എന്നാൽ തുടർന്ന് കൊവിഡും ലോക്ക്ഡൗണും ഒക്കെയായതോടെ തന്റെ അപേക്ഷയെക്കുറിച്ച് ഒന്നും അറിയാനാകാത്ത സ്ഥിതിയാണെന്ന് വിസ്മയ പറയുന്നു.

ലോക്ക്ഡൗണിനും മുന്നേ പട്യാലയിലെ ദേശീയ ക്യാമ്പിലാണ് വിസ്മയ.കൊവിഡ് കാലത്ത് ഇലക്ട്രീഷ്യനായ പിതാവിന് ജോലിയില്ലാതായതോടെ വാടക ഉൾപ്പടെയുള്ള വീട്ടുചെലവുകൾ ബുദ്ധിമുട്ടിലാണ്.കോതമംഗലത്ത് നാട്ടുകാരുടെ സഹായത്തോടെ നടക്കുന്ന വീടുപണി രണ്ട്കൊല്ലമായിട്ടും പൂർത്തിയായിട്ടുമില്ല.വാഗ്ദാനം ചെയ്ത ജോലി ലഭിച്ചിരുന്നെങ്കിൽ ഇൗ സമയത്ത് കുടുംബത്തിന് വലിയ സഹായമായേനെയെന്ന് വിസ്മയ പറയുന്നു.

വിസ്മയക്കൊപ്പം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റ് സംസ്ഥാന താരങ്ങൾക്കെല്ലാം ഗസറ്റഡ് റാങ്കിൽത്തന്നെ ജോലിയായിട്ടുണ്ട്. കഴിഞ്ഞ വർഷം പശ്ചിമ റെയിൽവേയിൽ നിന്ന് വിസ്മയയെത്തേടി ജോലി വാഗ്ദാനം എത്തിയിരുന്നു.എന്നാൽ കേരളത്തിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അത് വേണ്ടെന്ന് വച്ചു.

സ്പോർട്സിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് വിസ്മയ. ഫുൾ എ പ്ളസോടെയാണ് പത്താം ക്ളാസ് പാസായത്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ബി.എസ്.സി മാത്ത്സിൽ ഡിഗ്രി പൂർത്തിയാക്കിയശേഷം എം.എസ്.ഡബ്ള്യു രണ്ടാം വർഷമാണിപ്പോൾ. പിതാവ് വിനോദ് ഇലക്ട്രീഷ്യനാണ്. അമ്മ സുജാത. ഇപ്പോൾ നീന്തൽ താരമായ സഹോദരി വിജിഷ ഡിഗ്രിക്ക് പഠിക്കുന്നു.

മെഡൽ വിസ്മയം

വിസ്മയ അല്ല അനിയത്തി വിജിഷയായിരുന്നു സ്കൂൾ കാലത്ത് കായിക താരം. വിജിഷയെ സ്പോർട്സ് സ്കൂളിൽ ചേർക്കാനായാണ് കണ്ണൂർ ശ്ര്രകണ്ഠപുരത്തുനിന്ന് കോതമംഗലത്തേക്ക് കുടുംബം ചേക്കേറിയത്. സെന്റ് ജോർജ് സ്കൂളിൽ പരിശീലനത്തിന് അനിയത്തിക്ക് കൂട്ടുപോയിരുന്ന വിസ്മയ അവിടെ പ്ളസ് ടു അഡ്മിഷൻ കിട്ടിയപ്പോഴാണ് സ്പോർട്സിൽ താത്പര്യം കാട്ടിയത്.

2013ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയാണ് കരിയറിന് തുടക്കം കുറിക്കുന്നത്.

2014ൽ സൗത്ത് സോൺ നാഷണൽസിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി.200 മീറ്ററിൽ വെള്ളിയും ലഭിച്ചു

2015ൽ ദേശീയ ഗെയിംസിൽ 4-400 മീറ്റർ റിലേ ടീമിലുണ്ടായിരുന്നു.

2016ൽ കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷണൽസിൽ വെങ്കലവും ഇന്റർ വാഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ റിലേ സ്വർണവും നേടി.

2017ൽ ഗുണ്ടൂരിൽ നടന്ന ഇന്റർ വാഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി.400 മീറ്ററിൽ വെള്ളി ലഭിച്ചു. സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിൽ റിലേയിൽ സ്വർണം.

2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസ് റിലേ സ്വർണം. പോളണ്ടിൽ നടന്ന ഗ്രാൻപ്രീ മീറ്റിലും മെഡൽ.

2019ൽ ദോഹയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് റിലേയിൽ ഏഴാം സ്ഥാനവും ഒളിമ്പിക് യോഗ്യതയും. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിലും വനിതാ റിലേയിലും വെള്ളി.ചെക്ക് റിപ്പബ്ളിക്കിൽ നടന്ന വിവിധ മീറ്റുകളിൽ നിന്ന് രണ്ട് സ്വർണമടക്കം ഏഴ് മെഡലുകൾ വാരിക്കൂട്ടി. റാഞ്ചിയിൽ നടന്ന സീനിയർ നാഷണൽസിൽ 400 മീറ്ററിൽ സ്വർണം.

52.12 സെക്കൻഡാണ് വിസ്മയയുടെ 400 മീറ്ററിലെ പേഴ്സണൽ ബെസ്റ്റ് സമയം. ഒളിമ്പിക് യോഗ്യതയായ 51.35 സെക്കൻഡിലെത്താനുള്ള പരിശീലനത്തിലാണ് ഇപ്പോൾ .

കൊവിഡും മഴക്കെടുതിയുമെല്ലാമായി സംസ്ഥാനം വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതൊക്കെകൊണ്ടാകാം ജോലിയുടെ കാര്യത്തിലും താമസം വരുന്നത്. വ്യക്തിപരമായി വലിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് സർക്കാരിന്റെ വാതിലിൽ വീണ്ടും മുട്ടേണ്ടിവരുന്നത്. കാല താമസം ഒഴിവാക്കിക്കിട്ടാൻ അധികൃതർ ഇടപെടുമെന്ന് പ്രതീക്ഷയുണ്ട്.

വി.കെ വിസ്മയ