തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ സർവശക്തിയുമെടുത്ത് പോരാടുമ്പോഴും തലസ്ഥാനജില്ലയിൽ രോഗവ്യാപനം ഇപ്പോഴും ശമനമില്ലാതെ തുടരുന്നു. കണ്ടെയ്‌ൻമെന്റ് സോണുകളും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളുമൊക്കെ നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം തടയാനാകാത്തത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രതിദിന കൊവിഡ് രോഗികളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് തിരുവനന്തപുരത്താണ്. ജില്ലയിലെ സമ്പർക്കവ്യാപന തോത് 95 ശതമാനമാണെന്നതും ആശങ്കയേറ്റുന്നു.
സമൂഹവ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരപ്രദേശങ്ങളിൽ ഇപ്പോഴും രോഗം പൂർണ നിയന്ത്രണത്തിലായിട്ടില്ല. ഇതോടൊപ്പം ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ അഞ്ചുതെങ്ങ് അടക്കമുള്ളയിടങ്ങളിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ക്ളസ്റ്ററുകളിൽ പോലും ഇപ്പോഴും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. അഞ്ചുതെങ്ങിൽ ജൂലായിൽ 141 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ മാസം ആറ് ദിവസം കൊണ്ടുമാത്രം 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ടെയ്‌ൻമെന്റ് സോണുകൾ
ഫലവത്തായില്ലേ..
രോഗം പടരുന്നത് ചെറുക്കുന്നതിന് വേണ്ടി ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന സൂചിപ്പിക്കുന്നത്. മറ്റൊരു കണ്ടെയ്‌ൻമെന്റ് സോണായ ബീമാപള്ളിയിൽ 100 കേസുകളാണ് ജൂലായിൽ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിലായിരുന്ന ഇവിടെ സമ്പർക്കം വഴിയാണ് രോഗം പടർന്നത്. ഈ മാസം ഇതുവരെ 69 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 41ഉം ആദ്യ ആറ് ദിവസങ്ങളിലായിരുന്നു. വൈറസ് വ്യാപനം കണ്ടെത്താനുള്ള പരിശോധനകൾ മന്ദഗതിയിലാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
അതേസമയം, കർശനമായ നടപടികളിലൂടെ രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. അടുത്ത പത്തുദിവസത്തിനുള്ളിൽ ഇതിന്റെ ഫലം കണ്ടുതുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. പൂന്തുറയിൽ സമൂഹവ്യാപനം ഉണ്ടായപ്പോൾ 700 ഓളം പേർക്കാണ് ജൂലായിൽ രോഗം സ്ഥിരീകരിച്ചത്. പരിശോധനകളുടെ എണ്ണം ഇടയ്ക്ക് കുറഞ്ഞെങ്കിലും ഇവിടെ രോഗവ്യാപനം കുറഞ്ഞുവരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഈ മാസം ഇതുവരെ 26 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗബാധിത മേഖലയായ പൂവാറിൽ ജൂലായിൽ നൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ഈ മാസം ഇതുവരെ 40 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.