m-swaraj

കൊച്ചി: തൃപ്പൂണിത്തറ ശ്രീ പൂർണത്രയീശ ഉപദേശക സമിതിയുടെ ഫേസ്ബുക്ക് പേജിൽ രാമായണ പ്രഭാഷണവുമായി എം.സ്വരാജ് എം എൽ എ. കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാമായണ പ്രഭാഷണോത്സവത്തിലാണ് രാമായണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ സ്വരാജ് പ്രഭാഷണം നടത്തിയത്.

ഹിംസയോട് അരുത് എന്നാണ് രാമായണം പറയുന്നത്. എല്ലാ അക്രമങ്ങൾക്കും കൊലയ്ക്കും തിന്മയ്ക്കും എതിരെ അരുതേ എന്ന് പറയുന്ന സന്ദേശമാണ് രാമായണം മുന്നോട്ടുവയ്ക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണമെന്നും അദ്ദേഹം പറഞ്ഞു.

രാമായണം വായിക്കുമ്പോൾ ആദ്യം മനസിലായ കാര്യം അരുതേ എന്നാണ്. എന്താണ് അരുതാത്തത്. ഹിംസ അരുത്. അക്രമം, കൊലകൾ ഇതൊന്നും അരുത് എന്നു പറയുന്ന മാനസികാവസ്ഥയാണ് നമുക്ക് വേണ്ടതെന്ന് രാമായണം മനസിലാക്കി തരുന്നു. ഹിംസയോട് മുഖം തിരിഞ്ഞ് നിൽക്കാൻ രാമായണം സഹായിക്കുമെന്നും സ്വരാജ് പറയുന്നു.

അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ പ്രമുഖ വ്യകതികളാണ് പ്രഭാഷകരായി എത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സി പി ഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രൊഫ. എം.കെ സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, എഴുത്തുകാരനും സാസ്ക്കാരികപ്രവർത്തകനുമായ എം.എൻ കാരശേരി, എഴുത്തുകാരൻ കെ.ജി പൗലോസ് തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തിയിരുന്നു.